മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍റേ ഫുട്‌ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണക്ക് ജയം. റയല്‍ സോസിഡാഡിനെതിരായ കളിയില്‍ ബ്രസീല്‍ താരം നെയ്‌മര്‍ നേടിയ ഗോളിനാണ് ബാഴ്‌സ വിജയം കണ്ടത്. 21-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്‌മര്‍ ലക്ഷ്യം കണ്ടത്. ഇതോടെ സെമിയിലേക്കുള്ള ബാഴ്‌സയുടെ കുതിപ്പിന് ഒരു ഗോളിന്റെ മുന്‍തൂക്കം സ്വന്തമായി.
റയല്‍ സോസിഡാഡിന്റെ ഹോം ഗ്രൗണ്ടായ അനേറ്റ സ്‌റ്റേഡിയത്തില്‍ 2007ന് ശേഷം വിജയം കാണാനും ബാഴ്‌സക്ക് സാധിച്ചു. അനേറ്റയില്‍ നടന്ന കഴിഞ്ഞ എട്ടു മത്സരങ്ങളിലും ബാഴ്‌സയെ വിജയം വിട്ടകന്നിരുന്നു. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ 26ന് ബാഴ്‌സയുടെ തട്ടകമായ നൗ കാമ്പില്‍ നടക്കും. കഴിഞ്ഞ രണ്ട് കോപ്പ ഡെല്‍ റേ കിരീടങ്ങളും നേടിയ ബാഴ്‌സ ഇത്തവണ ഹാട്രിക്ക് കിരീടമാണ് ലക്ഷ്യമിടുന്നത്.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഐബറിനെ കീഴടക്കി സെമി പ്രവേശത്തിന് അടുത്തെത്തി. 28-ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്‍, 60-ാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറിയ, 68-ാം മിനിറ്റില്‍ കെവിന്‍ ഗെമെയ്‌റോ എന്നിവര്‍ അത്‌ലറ്റികോയുടെ ഗോളുകള്‍ നേടി.
















