തൃശൂര്‍: സ്വാശ്രയ കോളജ് വിഷയത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേ നിലപാടാണെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സര്‍ക്കാര്‍ പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ അമ്മയ്‌ക്ക് ജോലി നല്‍കണമെന്നും സഹോദരിയുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സി.പി. എമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരേ ശക്തമായ ബഹുജന മുന്നേറ്റം നടത്താനും തീരുമാനമുണ്ട്. ഇതിനോടനുബന്ധിച്ച് 30 ന് രാവിലെ സംസ്ഥാന തലത്തില്‍ ഏകദിനയോഗം ചേരും.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കീറിയ കുര്‍ത്ത ധരിച്ച രാഹുല്‍ ഗാന്ധിയ്‌ക്ക് ബക്കറ്റ് പിരിവ് നടത്തി പുതിയ കുര്‍ത്ത വാങ്ങി കൊറിയര്‍ അയക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ്, വൈസ് ചെയര്‍മാന്‍ റെജി പുത്തേയത്ത്, ബിജി മണ്ഡപം. ബി.എച്ച്. ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
















