കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ നാളുകളില്‍ നഗരത്തിലെത്തുന്നവര്‍ക്കായി കംഫര്‍ട്ട് സ്‌റ്റേഷന്‍ തുറക്കാന്‍ ഒടുവില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ തയ്യാറാകുന്നു. പണി പൂര്‍ത്തിയായിട്ടും വൈദ്യൂതീകരണവും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കാതെ മാസങ്ങളായി ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. മറ്റ് വഴികളില്ലാത്തതിനാലാണ് കലോത്സവം പടിവാതിലില്‍ എത്തി നില്‍ക്കെ ഇത് തുറന്നു കൊടുക്കുന്നത്. സംസ്ഥാന കലോത്സവം നടക്കുന്ന 16 മുതല്‍ 22 വരെ കംഫര്‍ട്ട് സ്‌റ്റേഷന്‍ സൗജന്യമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. സ്‌റ്റേഡിയം കോര്‍ണറിലെ വേദിക്ക് സമീപത്തെ കംഫര്‍ട്ട് സ്‌റ്റേഷന്‍ കെട്ടിടത്തില്‍ നിലവില്‍ രണ്ട് നിലകളിലെയും വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ മൂന്ന് ടോയ്‌ലറ്റ്, ഒരു ബാത്തൂറുമാണുള്ളത്. രണ്ടാമത്തെ നിലയില്‍ ആറ് ടോയ്‌ലറ്റും മൂന്ന് ബാത്തുറൂമുകളുമുണ്ട്. ശുചീകരണ ചുമതല താല്‍ക്കാലികമായി രണ്ട് പേരെ ഏല്‍പ്പിക്കും. കലോത്സവത്തിന് ശേഷം കംഫര്‍ട്ട് സ്‌റ്റേഷന്റെ നടത്തിപ്പിനായി ബൈലോയും ടെണ്ടര്‍ നടപടികളും പൂര്‍ക്കിയാക്കണം. അതുവരെ നഗരസഭയുടെ ജീവനക്കാരെ വെച്ച് പണം ഈടാക്കും. മൂത്രപ്പുര ഒരു രൂപ, കക്കൂസ് രണ്ട് രൂപ, കുളിമുറി പത്ത് രൂപ എന്നിങ്ങനെയാണ് നിരക്ക്. പണം ഈടാക്കാന്‍ 350 രൂപ കൂലി നല്‍കി രാവിലെ ഒമ്പത് മുതല്‍ എട്ടു വരെ ഒരാളെ നിയമിക്കാനും തീരുമാനിച്ചു.
















