കണ്ണൂര്‍: സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജ്. എം. കെ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 പി.സുനില്‍ദത്തന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് രണ്ടു ദിവസങ്ങളിലായി നഗരത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാന കലോത്സവം നടക്കുന്ന വേദികള്‍ക്കും താമസസ്ഥലങ്ങളുടെ പരിസരത്തുമുളള ഭക്ഷണ നിര്‍മ്മാണ വിതരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങള്‍, നിരോധിത പുകയില ഉല്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. വഴിയോര കച്ചവടവും പാന്‍ വില്‍പനയും നിര്‍ത്തിവെച്ചു. സ്‌ക്വാഡില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ ജോണ്‍സണ്‍ ജോസഫ്, വി.അജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.എച്ച്.രാജീവന്‍, കെ.സന്തോഷ്‌കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.അനീഷ്ബാബു ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.
















