കണ്ണൂര്‍: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ പേരില്‍ കൊട്ടിയൂര്‍, അമ്പായത്തോട്, കേളകം ഭാഗങ്ങളില്‍ അരങ്ങേറിയ അക്രമത്തിനെതിരെ ഫയല്‍ചെയ്യപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതി സമിതി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയക്കും. 2013 നവംബര്‍ 14 ന് അരങ്ങേറിയ അക്രമത്തില്‍ നിരവധി പോലീസ്-ഫോറസ്റ്റ് വാഹനങ്ങളും വനംവകുപ്പിലെ ഫയലുകളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അതീവരഹസ്യ സര്‍ക്കാര്‍ രേഖകള്‍ നശിപ്പിക്കല്‍ തുടങ്ങി അതിഗുരുതരമായ കുറ്റം ചുമത്തപ്പെട്ട കേസുകളാണ് ദുര്‍ബലമായ വാദഗതികള്‍ നിരത്തി സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ട് എന്ന് സംശയിക്കുന്നു. ഇത് സിബിഐ അന്വേഷിച്ചാല്‍ മാത്രമേ നീതിനിര്‍വ്വഹണ വ്യവസ്ഥയില്‍ പൗരന് വിശ്വാസമുണ്ടാകൂ എന്ന് സമിതി അഭിപ്രായപ്പെട്ടു.
















