ഹരിപ്പാട്: മരുമകളുടെ മര്‍ദ്ദനത്തില്‍ കൈയൊടിഞ്ഞ വൃദ്ധയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാറശാല വിപിന്‍ ഭവനില്‍ ഗൗരിക്കുട്ടി (76)ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യ ബബിതക്കെതിരെ ഹരിപ്പാട് പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്സെടുത്തു.
ഗൗരിക്കുട്ടിയുടെ മകന്‍ വിദേശത്താണ്. മരുമകളും മക്കളും മാത്രമാണ് വീട്ടില്‍. അമ്മയുമായി നിരന്തരം കലഹത്തിലായിരുന്ന മരുമകള്‍ ഇവരെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ഗൗരിക്കുട്ടിയുടെ വലതുകൈ ഒടിഞ്ഞതായി താലൂക്കാശുപത്രി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഗൗരിക്കുട്ടിയെ ബബിത മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസികള്‍ മൊബൈലില്‍ പകര്‍ത്തി. ചെവിക്ക് പിടിച്ച് വലിക്കുന്നതിന്റയും മുഖത്ത് അടിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വ്യക്തമാണ്. പകല്‍ സമയങ്ങളില്‍ വൃദ്ധയെ വീട്ടിലേക്ക് കയറ്റില്ലെന്നും പറയപ്പെടുന്നു.
സന്ധ്യസമയത്താണ് ഇവര്‍ വീട്ടിലെത്തുക. ജലഅതോറിറ്റി ജീവനക്കാരനായിരുന്ന കുട്ടപ്പനാചാരിയുടെ ഭാര്യയാണ് ഗൗരിക്കുട്ടി. പെന്‍ഷന്‍ ഇനത്തില്‍ ഒമ്പതിനായിരം രൂപയോളം പ്രതിമാസം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഗൗരിക്കുട്ടിയുടെ മകള്‍ നിര്‍മ്മല ആലപ്പുഴയിലാണ് താമസം. ഇവരാണ് സംഭവത്തെപ്പറ്റി ജാഗ്രത സമിതിക്ക് പരാതി നല്‍കിയത്.
ഇതേത്തുടര്‍ന്ന് സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് കഴിഞ്ഞദിവസം ഇവരെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ ആദ്യത്തെ ദിവസം ഇവരുടെ നിലമോശമായതിനാല്‍ പോലീസിന് മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. ഇന്നലെയാണ് മൊഴി രേഖപ്പെടുത്തിയത്. മരുമകള്‍ ബബിത ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
















