ആലപ്പുഴ: കാരുണ്യപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ആലപ്പുഴ നീലിമ വിദ്യാഭവന്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്നു. ഇവിടുത്തെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആലപ്പുഴ മാളികമുക്കിന് പടിഞ്ഞാറ് രാജിസദനത്തില്‍ രാഗേന്ദു (16), സഹോദരങ്ങളായ അഞ്ജലി (12), അനന്തു (6) എന്നീ കുട്ടികള്‍ക്കാണ് സഹപാഠികള്‍ സംഘടിച്ച് ഏഴുലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്.
നാലുവര്‍ഷം മുമ്പ് രോഗം ബാധിച്ച് അമ്മയും മൂന്നു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ അച്ഛനും നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ അമ്മൂമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്. അറുന്നൂറ് ചതുരശ്ര അടി വരുന്ന വീടിന് ഏഴു ലക്ഷത്തോളം രൂപ ചെലവായി. സമ്മാനക്കൂപ്പണ്‍വഴിയും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും രക്ഷകര്‍ത്താക്കളുടെയും സഹായത്താലാണ് വീട് പൂര്‍ത്തീകരിച്ചത്.
വിദ്യാര്‍ത്ഥികളില്‍ നിന്നും 28 അപേക്ഷകള്‍ ലഭിച്ചു. അതില്‍ നിന്നും നാല് അപേക്ഷകള്‍ തെരഞ്ഞെടുത്ത് നേരില്‍കണ്ട് ബോദ്ധ്യപ്പെട്ട് ഏറ്റവും അര്‍ഹതയുള്ള രാഗേന്ദുവിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ നവംബര്‍ 21ന് മന്ത്രി കല്ലിട്ട് പണി ആരംഭിച്ചു. ജനുവരി 10ന് പൂര്‍ത്തീകരിച്ചു. നൂറുദിവസം കൊണ്ട് വീട് വാസയോഗ്യമാക്കി. മന്ത്രി തോമസ് ഐസക് 14ന് ഉച്ചയ്‌ക്ക് 2.30ന് താക്കോല്‍ദാനകര്‍മ്മം നിര്‍വ്വഹിക്കും. കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനവും വിദ്യാര്‍ത്ഥികളും തയ്യാറെടുക്കുകയാണെന്ന് ഡയറക്ടര്‍ സിബി ജോര്‍ജ് തോട്ടുങ്കല്‍, കണ്‍വീനര്‍ ജോസ് മാത്യു, ജോര്‍ജ് ജോണ്‍, മനോഷ് പൊന്നപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















