കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കുന്നതിന് മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് സോളാര്‍ കമ്മീഷന്‍ അനുമതി നല്‍കി. ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജന്‍ അധ്യക്ഷനായ സോളാര്‍ കമ്മീഷന്റെ നടപടി.
സാധരണ നിലയില്‍ കക്ഷികള്‍ക്ക് വേണ്ടി അഭിഭാഷകരാണ് ക്രോസ് വിസ്താരം നടത്തുക. എന്നാല്‍ തനിക്ക് ഉമ്മന്‍ചാണ്ടിയോട് നേരിട്ട് നാല് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും അതിനാല്‍ ക്രോസ് വിസ്താരത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സരിതാ നായര്‍ കമ്മിഷന് കത്ത് നല്‍കുകയായിരുന്നു. പല കാര്യങ്ങളിലും ഉമ്മന്‍ചാണ്ടി പച്ചക്കള്ളം പറയുകയാണെന്നും സരിത അറിയിച്ചു.
അബ്ദുള്ളകുട്ടിക്കെതിരെ സരിത നല്‍കിയ പരാതിയെക്കുറിച്ച് അറിയാമെന്നും അതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. സോളാര്‍ ഇടപാടിനെക്കുറിച്ചും സരിതയെക്കുറിച്ചും ബിജു രാധാകൃഷ്ണനെക്കുറിച്ചും താന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കടപ്ലാമറ്റത്ത് ഒരു പരിപാടിക്കിടെ സരിതയെ കാണുമ്പോള്‍ അത് അവരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.
ഒരു ദിവസം താന്‍ ആയിരത്തിലധികം പേരെ കാണുന്നുണ്ട്. പലരും നിവേദനങ്ങളും നല്‍കുന്നുണ്ട്. പലതിലും ഒപ്പും ഇടാറുണ്ട്. ഒരു മിനിട്ടില്‍ അറുപത് ഒപ്പ് വരെ ഇട്ട സംഭവവും ഉണ്ടെന്നും ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷനെ അറിയിച്ചു. സരിതയ്‌ക്ക് വേണ്ടി ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സെക്രട്ടറി രാജേന്ദ്രനാണ് ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യുന്നത്.
നേരത്തെ, രണ്ടു തവണ ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. ഡിസംബര്‍ 23ന് വിസ്തരിച്ചപ്പോള്‍ ആരോപണങ്ങള്‍ എല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. എമര്‍ജിംഗ് കേരളയില്‍ ടീം സോളാര്‍ പ്രോജക്ട് ഇല്ലായിരുന്നെന്നും തന്റെ പേരില്‍ വ്യാജകത്ത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി എടുത്തുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
















