മുംബൈ: കളളപ്പണവും നികുതി വെട്ടിപ്പും തടയുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഹരി വിപണിയുടെ നിയന്ത്രകരായ സെബി ഈ മാസം 15 മുതല്‍ നടപടി തുടങ്ങും. ഓഹരി വിലയിലെ തട്ടിപ്പുകളും ദീര്‍ഘകാല മൂലധന നേട്ടത്തിലെ ക്രമക്കേടുകള്‍ക്കും തടയിടുകയാണ് ലക്ഷ്യം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ നോട്ടുകള്‍ അസാധുവാക്കിയ ശേഷം ചേര്‍ന്ന ആദ്യ ബോര്‍ഡ് യോഗമാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ നടപടിയെ സെബി അഭിനന്ദിച്ചു. നികുതി വകുപ്പും ഈ കമ്പനികളെ നിരീക്ഷിക്കുന്നുണ്ട്. നികുതി വെട്ടിക്കുന്നതിനായി കമ്പനികള്‍ ദീര്‍ഘകാല നേട്ടത്തെയും ഹ്രസ്വകാല നഷ്ടത്തെയും ദുരുപയോഗം ചെയ്യുന്നുണ്ട്.
തട്ടിപ്പു നടത്തുന്ന ലിസ്റ്റ് ചെയ്തിട്ടുളള കമ്പനികള്‍ക്കും അവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ സെബി നിയമം 11ബി പ്രകാരം നടപടിയെടുക്കാനും ആലോചനയുണ്ട്. ഇത്തരം കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനും വില്‍ക്കാനും നഷ്ടപരിഹാരം ഈടാക്കാനും അധികാരമുളള വകുപ്പാണിത്. തട്ടിപ്പു നടത്തിയ കമ്പനികളെ കുടുക്കാന്‍ നികുതി വകുപ്പ് വിവിധ മാര്‍ഗങ്ങള്‍ ആരായുന്നുണ്ട്.
















