തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്ത് ഏകീകൃത ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര ചീഫ് കമ്മീഷണര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ഡോ. കമലേഷ് കുമാര്‍ പാണ്ഡേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി അവതരിപ്പിക്കുന്ന പദ്ധതികള്‍ കേരളസര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ വീഴ്‌ച്ചവരുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 14 സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നു.
എന്നാല്‍ കേരളത്തില്‍ എന്‍ജിഒകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. സര്‍ക്കാര്‍ സ്ഥാപനം ഇല്ലാത്തത് നിലവാരത്തകര്‍ച്ചയ്‌ക്ക് കാരണമാകും.
നിലവില്‍ ഓരോ സംസ്ഥാനത്തിലും വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടിവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ യുഡിഐഡി (യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ്) ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ പട്ടികയില്‍ ഇരട്ടിപ്പുകള്‍ ഒഴിവാകും.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പുതിയ ആക്ട് പാര്‍ലമെന്റില്‍ പാസാക്കി. ഇത് ഏപ്രിലോടെ പ്രാബല്യത്തിലാകും. ഇതോടെ ഏഴു വിഭാഗങ്ങള്‍ മാത്രമായിരുന്ന അംഗപരിമിതരുടെ വിഭാഗങ്ങള്‍ 21 ആയി ഉയരും. സംവരണം മൂന്നു ശതമാനത്തില്‍ നിന്ന് നാലിലേക്ക് ഉയരും. ‘അക്‌സസിബിള്‍ ഇന്ത്യ കാമ്പയിനി’ലേക്ക് 50 നഗരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തതില്‍ തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ഈ നഗരങ്ങളില്‍ 100 കെട്ടിടങ്ങളെങ്കിലും അംഗപരിമിത സൗഹൃദ സൗകര്യങ്ങള്‍ നിര്‍ബന്ധമായി ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
1995ലെ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമത്തിന്റെ നടപ്പാക്കല്‍ സംബന്ധിച്ച അവലോകനത്തിനാണ് ചീഫ് കമ്മീഷണര്‍ കേരളത്തിലെത്തിയത്.
തുടര്‍ന്ന് ചീഫ് സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി കേരളത്തിലെ സ്ഥിതിഗതികള്‍ മനസിലാക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. സഞ്ജയ് കാന്ത് പ്രസാദ്, അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
















