കോട്ടയം: ജനമനസ്സുകളെ ആവേശം കൊള്ളിച്ച് ബിജെപിയുടെ മധ്യമേഖലാ പ്രചരണ യാത്ര കോട്ടയം ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി ഇടുക്കി ജില്ലയില്‍ പ്രവേശിച്ചു. ഇന്നലെ വൈകിട്ട് തൊടുപുഴയിലായിരുന്നു ആദ്യ പരിപാടി.
സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരമാണ് യാത്രകള്‍ ആരംഭിച്ചത്. മധ്യമേഖലയില്‍ സഞ്ചരിക്കുന്ന എറണാകുളം മേഖലാ യാത്ര ചങ്ങനാശേരിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ക്യാപ്റ്റനായുള്ള യാത്രയുടെ ആദ്യ സ്വീകരണം കോട്ടയം തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനിയിലായിരുന്നു. രണ്ടാം ദിനമായ ഇന്നലെ ജില്ലയിലെ ഏഴ് നിയോജകമണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം നല്‍കി.
ചരിത്ര പ്രസിദ്ധമായ വൈക്കത്തു നിന്നാണ് യാത്രയുടെ രണ്ടാംദിനത്തിന് ആരംഭം കുറിച്ചത്. കാണക്കാരി(കടുത്തുരുത്തി), ഏറ്റുമാനൂര്‍, പാമ്പാടി(പുതുപ്പള്ളി), കറുകച്ചാല്‍(കാഞ്ഞിരപ്പള്ളി), തിടനാട്(പൂഞ്ഞാര്‍), പാല എന്നിവിടങ്ങളില്‍ സ്വീകരണങ്ങളും വിശദീകരണ സമ്മേളനവും നടന്നു. പാലായിലായിരുന്നു ജില്ലയിലെ അവസാന സ്വീകരണ ചടങ്ങ്.
കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറം യച്ചൂരി വിശേഷിപ്പിച്ച വി.എസ്.അച്യുതാനന്ദന് അസാധുവാക്കിയ അഞ്ഞൂറ് രൂപയുടെ വിലപോലും ഇന്ന് സിപിഎമ്മില്‍ ഇല്ലെന്ന് ജാഥാ ക്യാപ്റ്റന്‍ ശോഭാസുരേന്ദ്രന്‍ പറഞ്ഞു. വി.എസിന്റെ നെഞ്ചില്‍ ചാപ്പകുത്തി പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വോട്ട് പോലും രേഖപ്പെടുത്താന്‍ അനുവദിക്കാതെ മൂലയ്‌ക്കിരുത്തിയിരിക്കുകയാണ്.
വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ അവര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി വാങ്ങി തങ്ങളുടെ സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് നാട് നീളെ നടക്കുകയാണ്. ശോഭാസുരേന്ദ്രന്‍ പറഞ്ഞു.
















