തിരുവനന്തപുരം: മണ്ണിടിഞ്ഞ് വീണ് നിര്‍മ്മാണ തൊഴിലാളി മരണപ്പെട്ടു. തിരുവനന്തപുരം തിരുവല്ലം വെങ്ങാനൂര്‍ സ്വദേശി ദിലീപാണ്(46) മരിച്ചത്. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം.
തിരുവനന്തപുരം മണക്കാട് പോസ്‌റ്റോഫീസിന് സമീപം കെട്ടിട നിര്‍മ്മാണത്തിന് ബീമുകളുടെ പണിക്കാവശ്യമായ കുഴികളെടുക്കുന്നതിനിടയില്‍ ദിലീപിന്റെ ദേഹത്തേയ്‌ക്ക് പത്തടി താഴച്ചയോളം മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിനായി കുഴിയില്‍ നിന്ന് കയറുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാലു ജോലിക്കാരാണ് സ്ഥലത്തുണ്ടായിരുന്നത്. മൂന്നു പേര്‍ സുരക്ഷിതരായി കയറിയശേഷം ദിലീപ് കയറുന്നതിനിടെ വശത്ത് നിന്ന് മണ്ണിടിയുകയായിരുന്നു.
കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് 40 മിനിറ്റോളം നടത്തിയ രക്ഷപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
















