തിരുവനന്തപുരം: ഐഎഎസ് സമരത്തിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സര്‍ക്കാരിനെ വഴിപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും സമരം ശരിയായ നടപടിയല്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ആദ്യമായല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാടിനെ തള്ളിയ മുഖ്യമന്ത്രി അന്വേഷണം നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ചൂണ്ടിക്കാട്ടി. നടപടി സ്വീകരിക്കുമ്പോള്‍ വികാരമുയരുന്നത് സ്വാഭാവികമാണെന്നും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. സമരം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇക്കാര്യം ഐഎഎസ് ഉദ്യോഗസ്ഥരെ അറിയിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുത്തു.
ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി സര്‍ക്കാറിന് കടുത്ത തലവേദനയാകുന്നതിനിടെയാണ് അവധിയെടുത്തുള്ള പ്രതിഷേധവും. കാഷ്വല്‍ ലീവെടുത്തുള്ള അവധിക്കാണ് അസോസിയേഷന്റെ ആഹ്വാനമെന്നതിനാല്‍ അപേക്ഷയില്‍ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അനുമതി ആവശ്യമില്ല.
സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു പ്രതിഷേധത്തിന് ഐ.എ.എസുകാര്‍ തയാറാകുന്നത്. അതേസമയം, ചട്ടവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ലെന്നാണ് വിജിലന്‍സ് നിലപാട്.
മുതിര്‍ന്നവരുള്‍പ്പെടെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചീഫ്‌സെക്രട്ടറിക്ക് അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി വരെ 25 അപേക്ഷകളാണ് ചീഫ്‌സെക്രട്ടറിയുടെ ഓഫിസിലത്തെിയത്. അതേസമയം ഉദ്യോഗസ്ഥരുടെ തമ്മിലടിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
















