മുഹമ്മ: അയ്യപ്പ ചരിതത്തിന്റെ ഐതീഹ്യ പെരുമതേടി മലേഷ്യന്‍ സംഘം ചീരപ്പന്‍ചിറ മുക്കാല്‍വെട്ടം അയ്യപ്പ ക്ഷേത്രത്തിലെത്തി. ക്വാലാലംപൂര്‍ സെന്തൂള്‍ ദേവശ്രീ കരുമാലിയപ്പന്‍ ക്ഷേത്രത്തില്‍ നിന്നുള്ള 90 അംഗ സംഘമാണ് അയ്യപ്പ ചരിതത്തിന്റെ മാസ്മരികത തേടി അയ്യപ്പന്റെ ആയോധന കളരി സ്ഥാനവും മാളികപ്പുറത്തമ്മയുടെ ജന്മ സ്ഥലവുമായ മുഹമ്മ ചീരപ്പന്‍ചിറയിലെത്തിയത്. മലേഷ്യയിലെ ഗവ. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. 21 വര്‍ഷമായി മുക്കാല്‍വെട്ടം ക്ഷേത്രത്തില്‍ സ്ഥിരമായി എത്താറുള്ള ബാലഗുരുസ്വാമി, മണിഗുരുസ്വാമി എന്നിവരാണ് പെരിയോന്മാരായി സംഘത്തെ നയിച്ചത്. മുവാറ്റുപുഴ ക്ഷേത്രത്തില്‍ കെട്ട് മുറുക്കി, എരുമേലിയില്‍ പേട്ട തുള്ളി കാനന പാതയിലൂടെ നടന്നാണ് സംഘം ശബരിമല ദര്‍ശനം നടത്തുന്നത്. മുക്കാല്‍വെട്ടം അയ്യപ്പ ക്ഷേത്രത്തിലെത്തിയ സംഘത്തെ ഗുരുസ്ഥാനിയന്‍ സി.എസ്. കേശവലാല്‍ അയ്യപ്പ ചരിതവും മുക്കാല്‍വെട്ടവുമായുള്ള ബന്ധവും വിശദീകരിച്ചു. ഭജനയും അന്നദാനവും നടത്തി ഗുരുസ്ഥാനിയന്റെ അനുഗ്രഹവും പ്രസാദവും വാങ്ങിയാണ് സംഘം മടങ്ങിയത്. ശബരിമല ദര്‍ശനത്തിന് ശേഷം 17ന് ഇവര്‍ മലേഷ്യയിലേയ്‌ക്ക് വിമാനം കയറും. മുക്കാല്‍വെട്ട സന്ദര്‍ശനം ഭക്തിസാന്ദ്രവും പുതിയ അനുഭവവും നല്‍കിയതായി സംഘാംഗങ്ങള്‍ പ്രതികരിച്ചു.
















