ന്യൂയോര്‍ക്ക്: തമിഴ്‌നാട്ടിലെ ഫ്‌ളോറന്‍സ് ഹോം ഫൗണ്ടേഷന്റെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. കൃത്യമായ കണക്ക് നല്‍കാത്തതാണ് കാരണം.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ഫ്‌ളോറന്‍സ് ഹോം ഫൗണ്ടേഷന്‍ ഫ്രാന്‍സിലെ എമ്മാവൂസ് ഇന്റര്‍നാഷണലിലെ അംഗമാണ്. കത്തോലിക്കാ സഭയുടെ’ സ്ഥാപനമാണ്. വിദേശ സംഭാവന നിയന്ത്രണ ചട്ടപ്രകാരമുള്ള അനുമതിയാണ് റദ്ദാക്കിയത്.
തമിഴ്‌നാട്ടിലെ കടലൂരിലാണ് സ്ഥാപനം. ഫ്‌ളോറന്‍സ് ഹോം ഫൗണ്ടേഷന്‍ വിദേശത്തു നിന്ന് ലഭിച്ച പണം വകമാറ്റിച്ചെലവിടുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിധവകള്‍ക്കും പാവപ്പെട്ടവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ വായ്‌പ്പ നല്‍കുകയാണ് സ്ഥാപനം ചെയ്യുന്നതെന്നാണ് വെബ് സൈറ്റില്‍ പറയുന്നത്.
ടീസ്റ്റ സെതല്‍വാദിന്റെ സിറ്റിസണ്‍ ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ്, ഷബ്‌നം ഹഷ്മിയുടെ ഹാര്‍മണി ആന്‍ഡ് ഡെമോക്രസി തുടങ്ങി ഏഴിലേറെ സംഘടനകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതി മന്ത്രാലയം കഴിഞ്ഞാഴ്ച റദ്ദാക്കിയിരുന്നു. ഇവയില്‍ ചിലത് കേന്ദ്ര സര്‍ക്കാര്‍ ദളിത് വിരുദ്ധരാണെന്ന് വിദേശത്ത് പ്രചാരണം നടത്തുന്നുണ്ടെന്നും മന്ത്രാലയം കണ്ടെത്തി.
2014ല്‍ മോദി സര്‍ക്കാര്‍ വന്ന ശേഷം 20000 സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കിയിരുന്നു. മിക്കവയും ഗുരുതരമായ ചട്ട ലംഘനം നടത്തുകയും കണക്ക് നല്‍കാതിരിക്കുകയും ഫണ്ട് വകമാറ്റുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്.
കൃത്യമായ കണക്ക് നല്‍കുകയും നിയമപരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 13000 സര്‍ക്കാരിത സംഘടനകള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു.
















