പരമഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമി പുണ്യതിഥി ആരാധന ഉത്സവസമാപനത്തില് സ്വാമി സംയമീന്ദ്ര തീര്‍ത്ഥ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.
ഹരിദ്വാര്‍: ആചാര വിചാരങ്ങളും ആത്മീയതയുമാര്ന്ന ജീവിതവും ഐക്യവുമുള്ള ശ്രേഷ്ഠ സമാജമായിരുന്നു പരമഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ ലക്ഷ്യമെന്ന് കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍.
ഗുരുവിന്റെ ആഗ്രഹ സഫലീകരണ ലക്ഷ്യവുമായി ജിഎസ്ബി സമൂഹം മുന്നേറണമെന്ന് സ്വാമികള്‍ ഉദ്ബോധിപ്പിച്ചു. ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ സുധീന്ദ്രതീര്‍ത്ഥ സ്വാമി പ്രഥമ പുണ്യതിഥി ആരാധന മഹോത്സവത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു. ധാര്‍മ്മികതയും സംസ്കാരികതയും ആചാരങ്ങളുമെല്ലാം നിലനിര്‍ത്തേണ്ടതാണ്. ഇത് പാലിക്കപ്പെടുകയും വേണം. സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹിന്ദുധര്‍മ്മത്തിന് മേല്എന്തുമാകാമെന്നാണ് കണ്ടു വരുന്നത്.
സന്ധ്യാവന്ദനവും ഗായത്രി മന്ത്രജപവും ബ്രാഹ്മണന് പ്രാധാന്യമാണ് ഇതില്ലാതെ വേദാദ്ധ്യായനത്തിന് ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല,സ്വാമികള്‍ പറഞ്ഞു.
സമാജത്തെ ഒരുമിപ്പിക്കുന്നതോടോപ്പം ആചാരാനുഷ്ഠാന പ്രാധാന്യവും ജീവിതചര്യയാക്കുന്ന സമാജ വീക്ഷണം പ്രചരിപ്പിക്കുകയായിരുന്നു സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍, സംയമിന്ദ്ര തീര്‍ത്ഥ സ്വാമി പറഞ്ഞു. ചടങ്ങില്‍ പണ്ഡിറ്റ് നരസിംഹാചാര്യ, സുധാകര ഭട്ട്, പുണ്യതിഥി ആഘോഷസമിതി കണ്‍വീനര്‍ ജഗന്നാഥ ശേണായ് എന്നിവര്‍ സംസാരിച്ചു.
പരമഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമി വൃന്ദാവന പ്രതിഷ്ഠ പുണ്യതിഥി ആരാധന ചടങ്ങുകള്‍ക്ക് ശേഷം സംയമീന്ദ്ര തീര്‍ത്ഥ സ്വാമി ചൊവ്വാഴ്ച ദല്‍ഹി വഴി സമാജ ക്ഷേത്രങ്ങളിലേയ്ക്കുള്ള പ്രയാണം തുടങ്ങും.
















