കലോത്സവം കാണാനെത്തുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ പരാതി പറയാനുണ്ടാവുക പന്തലിനെക്കുറിച്ചും ഇരിപ്പിടങ്ങളെക്കുറിച്ചുമാണ്. എന്നാല്‍ ഇത്തവണ ഈ പരാതികള്‍ കേള്‍ക്കാനില്ല. എല്ലാ വേദികളിലും ആവശ്യത്തിന് ഇരിപ്പിടങ്ങള്‍ ഉണ്ട് പന്തലും. വെയിലേല്‍ക്കാതെ ഇരിക്കാനുള്ള സൗകര്യം ഒരുക്കിത്തന്നത് ഭാഗ്യമാണെന്ന അഭിപ്രായമാണ് കലാപ്രേമികള്ക്കുള്ളത്.
വേദി ഒന്നിലും വേദി രണ്ടിലുമായി രണ്ടായിരത്തോളം കസേരകളാണ് കലാസ്വാദകര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.
സാധാരണ വേദികള്‍ക്ക് മുമ്പിലെ പന്തലില്‍ പകുതിയോളം ഇരിപ്പിടങ്ങളാണ് ഒരുക്കാറെങ്കില് ഇത്തവണ പന്തലിന് അനുസരിച്ച് കസേരകളും ഉണ്ട്. സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റിയുടെ നേതൃത്വങ്ങളില്‍ 15 ഓളം വേദികളും അതിനാവശ്യമായ അനുബന്ധ പന്തലുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ജെഡിടി ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒമ്പത് വേദികളും സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ രണ്ടു വേദികളും സെന്റ് ഫിലോമിന സ്കൂള്‍, സെന്റ് ജോസഫ്സ് ജൂനിയര്‍ സ്കൂള്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്സ് എച്ച്എസ്, എച്ച്എസ്എസ് എന്നിവിടങ്ങളില്‍ ഓരോ വേദികളുമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളിലായി 6000ത്തോളം ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ഭക്ഷണം തയ്യാറാക്കുന്ന കലവറ മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്ന പന്തല്‍ വരെ ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്ന വഴിയില്‍ പന്തല്‍, ട്രാഫി കമ്മിറ്റിക്കായി പന്തല്‍, കൈ കഴുകുന്ന സ്ഥലത്ത് ഷാമിയാന എന്നിവയും കമ്മിറ്റി പ്രത്യേകം ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് മാനേജര്‍മാര്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വേണ്ട സമയത്ത് തന്നെ ചെയ്തുകൊടുക്കുന്നുണ്ട്. ഇതുകൂടാതെ എല്ലാ ദിവസവും രാത്രി മത്സരപരിപാടികള്‍ക്ക് ശേഷം വേദികളില്‍ പരിശോധന നടത്താനും വേണമെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ അദ്ധ്യാപക പരിഷത്ത്-എന്ടിയുവിനാണ് സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റിയുടെ ചുമതല. കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിതാ രാജന് ചെയര്‍മാനും കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍ വൈസ് ചെയര്‍മാനും കുറ്റിയാടി ചെറുകുന്ന് യു.പി സ്കൂള്‍അദ്ധ്യാപകന്‍ ടി.കെ. പ്രദീപ്കുമാര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
















