1,500 മീറ്ററില്‍ സ്വര്‍ണം നേടിയ ശേഷം സ്‌പൈക്കില്‍ ചുംബിക്കുന്ന സി. ബബിത
പൂനെ: കനത്ത തണുപ്പിനെയും വരണ്ട ശീതക്കാറ്റിനെയും വെല്ലുവിളിച്ച് ട്രാക്കിലിറങ്ങിയ കേരളത്തിന്റെ സി. ബബിതയ്‌ക്ക് പൊന്‍തിളക്കം. ഇന്നലെ രാവിലെ നടന്ന 1500 മീറ്റര്‍ ഓട്ടത്തിലാണ് ബബിത കേരളത്തിന്റെ മൂന്നാം ദിനത്തിലെ ആദ്യ സ്വര്‍ണം മാറോടു ചേര്‍ത്തത്. വൈകിട്ട് നടന്ന 3000 മീറ്ററിലും പൊന്നണിഞ്ഞ് ബബിത ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. ബബിതയുടെ അവസാന സ്‌കൂള്‍ മീറ്റാണിത്.
1500 മീറ്ററിന്റെ അവസാന ലാപ്പ് ആരംഭിക്കുമ്പോള്‍ പിന്നിലായിരുന്ന ബബിത അവസാന 200 മീറ്ററില്‍ ലീഡ് തിരിച്ചുപിടിച്ച് ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചപ്പോള്‍ വെള്ളി നേടിയ മഹാരാഷ്‌ട്രയുടെ ദുര്‍ഗ്ഗാ പ്രമോദ് ദേവ്‌റ നാല് സെക്കന്റുകള്‍ക്ക് പിന്നിലായി. 4:32.00 സെക്കന്‍ഡില്‍ ബബിത ഫിനിഷ് ചെയ്തു. ദുര്‍ഗ 4:36.26 സെക്കന്‍ഡിലും. തമിഴ്‌നാടിന്റെ എല്‍. സമ്യശ്രീ 4:44.72 സെക്കന്‍ഡില്‍ വെങ്കലം നേടി. കേരളത്തിന്റെ മറ്റൊരു പ്രതീക്ഷയായിരുന്ന അനുമോള്‍ തമ്പി നാലാമതാണ് ഫിനിഷ് ലൈന്‍ കടന്നത്.
ഫിനിഷിങിന് പിന്നാലെ ട്രാക്കില്‍ ബബിത തളര്‍ന്നു വീണു. തളര്‍ച്ചയെല്ലാം മറന്ന് വൈകിട്ട് 3000 മീറ്ററിന്റെ ട്രാക്കിലും ബബിത എത്തി. മഹാരാഷ്‌ട്ര താരങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് ബബിത 9.59.84 സെക്കന്‍ഡില്‍ പൊന്നണിഞ്ഞു. തൊട്ടുപിന്നാലെ 800 മീറ്റര്‍ ഹീറ്റ്‌സിലും ബബിത ഓടി.
േനട്ടങ്ങള്‍ നിരവധിയുണ്ടെങ്കിലും ബബിതയുടെ മനസ് വേദനിക്കുന്നു. വിവിധ മീറ്റുകളിലായി തനിക്ക് കിട്ടിയ മെഡലുകളൊന്നും സൂക്ഷിച്ചുവെക്കാന്‍ ഒരു വീടില്ല. ആ സ്വപ്‌നം ഇപ്പോഴും ഏറെ അകലെയെന്നത് വാസ്തവം. നിരവധി വാഗ്ദാനങ്ങള്‍ മാത്രമാണ് നാൡതുവരെ ബബിതയ്‌ക്ക് കിട്ടിയിട്ടുള്ളത്. ഇപ്പോള്‍ ഒറ്റമുറി കൂരയിലാണ് ബബിതയുടെയും കുടുംബത്തിന്റെയും താമസം. ചുമട്ടുതൊഴിലാളി ബാലകൃഷ്ണന്റെയും കമലത്തിന്റെയും മകളാണ് ബബിത.
2013-ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലെ മെഡല്‍ നേട്ടത്തിനുശേഷം ജന്മനാട് നല്‍കിയ സ്വീകരണത്തില്‍ ജനപ്രതിനിധികള്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്ന ഹംസ എംഎല്‍എ ഫണ്ടില്‍ നിന്ന് പത്തു ലക്ഷവും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷവും വീട് നിര്‍മിക്കാന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കാര്യങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ബബിത ഓരോ മെഡലുകള്‍ നേടുമ്പോഴും പ്രാര്‍ഥിക്കുന്നത് അധികൃതരുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്ന ദിവസത്തിന് വേണ്ടിയാണ്.
2009-ല്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബബിത ട്രാക്കിലെത്തുന്നത്. ഏഴു വര്‍ഷമായി രാമചന്ദ്രന്‍ മാസ്റ്റാണ് പരിശീലകന്‍. 100 മീറ്ററില്‍ ഓട്ടം തുടങ്ങിയ ബബിതയെ ദീര്‍ഘദൂര ട്രാക്കിലേക്ക് വഴി തിരിച്ചു വിട്ടത് രാമചന്ദ്രന്‍ മാസ്റ്റര്‍. കൊളംബിയയില്‍ നടന്ന ലോക യൂത്ത് മീറ്റ്, ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റ്, മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റ് എന്നീ രാജ്യാന്തര പോരാട്ട വേദികളിലും ബബിത മെഡലുകള്‍ നേടിയിട്ടുണ്ട്.
















