ചെന്നൈ: ജയലളിതയ്‌ക്ക് പിന്‍ഗാമിയായി ആര്‍കെ നഗര്‍ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുന്ന ശശികലയ്‌ക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ശശികലയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് മണ്ഡലത്തിലെ പാര്‍ട്ടി അണികള്‍.
ശശികല സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട എഐഎഡിഎംകെ എംഎല്‍എ വെട്രിവേലിനെതിരെ അണികള്‍ പ്രതിഷേധവുമായി ഇറങ്ങി. ജയലളിതയുടെ യഥാര്‍ത്ഥ അനന്തരാവകാശി അവരുടെ സഹോദരപുത്രിയായ ദീപയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ആര്‍കെ നഗറില്‍ ദീപ മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ജയലളിതയുടെ മരണത്തിന്റെ മുപ്പതാം ദിനത്തില്‍ സംഘടിപ്പിച്ച നിശബ്ദ റാലിയില്‍ പങ്കെടുക്കവെയാണ് വെട്രിവേല്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാല്‍ റാലിയില്‍ പങ്കെടുത്തവര്‍ ശശികലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി.
ഞങ്ങള്‍ അമ്മയ്‌ക്ക് വേണ്ടിയാണ് വന്നത്. ഞങ്ങള്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷ ചിന്നമ്മയ്‌ക്ക് വേണ്ടെന്ന് പറഞ്ഞേക്കുക എന്നൊക്കെ പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞു. സ്ത്രീ വോട്ടര്‍മാരാണ് പ്രതിഷേധക്കാരില്‍ ഭൂരിപക്ഷം. 75 ദിവസം അമ്മ ആശുപത്രിയില്‍ കിടന്നിട്ട് ഒന്ന് കാണാന്‍ സമ്മതിച്ചോ എന്നും റാലിയില്‍ പങ്കെടുത്ത ഒരു സ്ത്രീ ചോദിച്ചു.
ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന ആവശ്യം മുതിര്‍ന്ന നേതാക്കളടക്കം ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രതിഷേധങ്ങള്‍. കഴിഞ്ഞ മാസം 29നാണ് ശശികലയെ പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 31 ന് അവര്‍ സ്ഥാനം ഏറ്റെടുത്തു.
















