ന്യൂദല്‍ഹി: യാത്രക്കാരെ പിടിക്കാനുള്ള മല്‍സരം കടുത്തതോടെ എയര്‍ ഇന്ത്യയും സ്വകാര്യ വിമാനക്കമ്പനികളും നിരക്ക് വെട്ടിക്കുറച്ചു. രാജധാനി എക്‌സ്പ്രസിന്റെ അതേ നിരക്കാണ് ഇനി ഈടാക്കുക.
എയര്‍ ഇന്ത്യയുടെ ദല്‍ഹി-മുംബൈ നിരക്ക് ഡിസംബറില്‍ 6500 രൂപയായിരുന്നു. ഇത് 2400 രൂപയാക്കി. ദല്‍ഹി-ബെംഗളൂരു നിരക്ക് ഇപ്പോള്‍ 2952 രൂപയായി. ദല്‍ഹി-അഹമ്മദാബാദ് 2199, ദല്‍ഹി-ഹൈദരാബാദ് 3206, ദല്‍ഹി-കൊല്‍ക്കൊത്ത 2890, ദല്‍ഹി-ചെന്നൈ 3905 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
രാജധാനിയില്‍ ദല്‍ഹി-മുംബൈ ടു ടയര്‍ എസിക്ക് 2870 രൂപയാണ്. 48 സെക്ടറുകളിലേക്കുള്ള യാത്രാക്കൂലിയാണ് വെട്ടിക്കുറച്ചത്. ജനുവരി ആറു മുതല്‍ പത്തു വരെ പുതിയ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ സൗജന്യം ഏപ്രില്‍ 30 വരെയാണ്.
ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, വിസ്താര തുടങ്ങി മിക്ക സ്വകാര്യ എയര്‍ലൈനുകളും നിരക്ക് വെട്ടിക്കുറച്ചു. ഇന്‍ഡിഗോ ചില സെക്ടറുകളിലെ യാത്രാക്കൂലി 949 രൂപയാക്കിക്കുറച്ചു. ജെറ്റ് എയര്‍വെയ്‌സ് 999 രൂപയാക്കി.
















