കേരളനടനം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെങ്കിലും പി.പി. സന്ദീപിന് സന്തോഷിക്കാനാവുന്നില്ല. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള പണം എങ്ങിനെ കണ്ടെത്തുമെന്ന ചിന്തയാണ് സന്ദീപിനെയും അമ്മ സി.എച്ച് ജയശ്രീയെയും അലട്ടുന്നത.് അയല്‍വാസി നല്‍കിയ വള പണയം വെച്ചാണ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള പണം കണ്ടെത്തിയതെന്ന് ജയശ്രീ പറഞ്ഞു. കുടുംബശ്രീയില്‍ ലോണിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കിട്ടുമോയെന്ന് അറിയില്ലെന്നായിരുന്നു ജയശ്രീയുടെ മറുപടി. കഴിഞ്ഞതവണ നാട്ടുകാരുടെയും അച്ഛന്റെ കെഎസ്ആര്‍ടിസിയിലെ സഹപ്രവര്‍ത്തകരുടെയും പിന്തുണയിലാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത്. ഇത്തവണ എന്തു ചെയ്യുമെന്നുള്ള ചിന്തയാണ് ഇരുവര്‍ക്കും.
കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കേരള നടനത്തില്‍ സന്ദീപ് അഞ്ചാം സ്ഥാനം നേടിയിരുന്നു. നാട്ടുകാരും അച്ഛന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് പിരിവെടുത്ത് നല്‍കിയ പണം കൊണ്ടാണ് സന്ദീപ് മത്സരിക്കാന്‍ എത്തിയത്. കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്ന സന്ദീപിന്റെ അച്ഛന്‍ സത്യന്‍ ആറുകൊല്ലം മുമ്പാണ് മാനന്തവാടിയില്‍ ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചത്. അമ്മ ജയശ്രീയില്‍ നിന്നാണ് സന്ദീപ് നൃത്തത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. അച്ഛന്റെ മരണശേഷം നൃത്തപഠനം എങ്ങിനെ തുടരുമെന്നു കരുതിയിരിക്കുമ്പോഴാണ് അമ്മയുടെ ഗുരുകൂടിയായ ഭരതാഞ്ജലി മധുസൂധനന്‍ സൗജന്യമായി നൃത്തം അഭ്യസിപ്പിക്കാമെന്ന് വാക്കുനല്‍കിയത്. ഇപ്പോള്‍ ആറു വര്‍ഷമായി മധുസൂദന് കീഴില്‍ കേരളനടനം അഭ്യസിക്കുന്നുണ്ട്. പ്രഭാകരന്‍ പുന്നശ്ശേരിക്ക് കീഴില്‍ ഓട്ടന്‍തുള്ളലും ശശികൈതപൊയിലിന് കീഴില്‍ നാടോടിനൃത്തവും അഭ്യസിക്കുന്നുണ്ട്. ഈ രണ്ടിനങ്ങളിലും ജില്ലാസ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നുണ്ട് സന്ദീപ്. ഓട്ടന്‍തുള്ളലില്‍ എഗ്രേഡും രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്.
പേരാമ്പ്ര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സന്ദീപ്. നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഗായത്രി സഹോദരിയാണ്. നന്മനിറഞ്ഞവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് സന്ദീപും അമ്മയും കലോത്സവ നഗരിയില്‍ നിന്ന് ഇന്നലെ യാത്രയായത്.
















