ന്യൂദല്‍ഹി: എയറിന്ത്യക്കു വേണ്ടി യുപിഎ സര്‍ക്കാരിന്റെ കാലത്ത് 111 വിമാനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് വേഗം അന്വേഷിക്കാന്‍ സുപ്രീം കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു. അന്വേഷണം 2017 ജൂണിനകം പൂര്‍ത്തിയാക്കണം.
പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ നടത്തിയ 70,000 കോടിയുടെ ഇടപാടില്‍ വന്‍ ക്രമക്കേട് ഉണ്ടെന്നാണ് കേസ്.
ആയിരം കോടി രൂപയ്‌ക്ക് എയറിന്ത്യക്കുവേണ്ടി ബയോമെട്രിക് സംവിധാനം വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാനും കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.
മുന്‍ ഡയറക്ടര്‍ ജിതേന്ദര്‍ ഭാര്‍ഗവ എയറിന്ത്യയുടെ തകര്‍ച്ചയെപ്പറ്റി പുസ്തകമെഴുതിയ കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രഫുല്‍ മന്ത്രിയായിരിക്കെ എടുത്ത പല തീരുമാനങ്ങളും സ്വകാര്യ എയര്‍ലൈനുകളെ സഹായിക്കുന്നവയായിരുന്നുവെന്നും ഇത് എയറിന്ത്യക്ക് വലിയ നഷ്ടം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമേ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതും നഷ്ടമുണ്ടാക്കി.
















