ന്യൂദല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. സംസ്ഥാനത്ത് പൂര്‍ണ്ണമായി മദ്യ നിരോധനം നടപ്പിലാക്കാനുള്ള തീരുമാനത്തെയാണ് മോദിയുടെ പ്രശംസിച്ചത്.
ഗുരു ഗോബിന്ദ് സിങ്ങിന്റെ 350ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രകാശ് പര്‍വിലെ പൊതുചടങ്ങില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കവേയാണ് മോദി ഇത്തരത്തില്‍ വെളിപ്പെടുത്തിയത്. പുതുതലമുറയെ മദ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച നിതീഷ് കുമാറിന് പ്രത്യേക പ്രശംസയര്‍ഹിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിതീഷിന്റേത് ധീരമായ നടപടി ആയിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തന്നെ ഇത് പ്രതികൂലമായി ബാധിക്കാവുന്നതാണ്. ഈ തീരുമാനം നിതീഷിന്റേയോ അല്ലെങ്കില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടേതോ അല്ല. എല്ലാവരും ഇതില്‍ പങ്കാളികളാവേണ്ടതാണെന്നും മോദി അറിയിച്ചു.
2016 ഏപ്രിലിലാണ് ബീഹാറില്‍ മദ്യ നിരോധനം കൊണ്ടുവന്നത്. 2015 ഒക്ടോബറിലെ തെരഞ്ഞെടുപ്പ് മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
ഉയര്‍ന്ന വിനിമയ മൂല്യമുള്ള നോട്ടുകള്‍ പെട്ടന്ന് പിന്‍വലിച്ചത് രാജ്യത്തെ കള്ളപ്പണവും, ബിനാമി ഇടപാടുകളും പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് നിതീഷ് പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്. രാം വിലാസ് പസ്വാന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
















