കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന 57- ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി വരക്കൂട്ടം എന്ന പേരില്‍ ചിത്രകാരന്മാരുടെ സംഗമം സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം മൂന്ന് മണിക്ക് ടൗണ്‍ സ്‌ക്വയറിലാണ് ചിത്രകാരന്മാര്‍ ഒത്തു ചേരുക. 57 മീറ്റര്‍ കാന്‍വാസില്‍ ചിത്രം വരച്ച് 57 കലാകാരന്മാര്‍ വരക്കൂട്ടം പരിപാടിയില്‍ പങ്കാളികളാവും. പരിപാടി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ അറിയിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം കുറിച്ച് 16ന് വൈകീട്ട് നടക്കുന്ന ഘോഷയാത്ര ഗംഭീരമാക്കാന്‍ ഗവ. ടി.ടി.ഐയില്‍ ചേര്‍ന്ന കമ്മിറ്റി യോഗം തീരുമാനിച്ചു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഘോഷയാത്ര സംഘടിപ്പിക്കുക. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്തു നിന്നാരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ കണ്ണൂരിന്റെ കലാസാംസ്‌കാരിക പെരുമ വിളംബരം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ വി.ജ്യോതിലക്ഷ്മി, ഡിഡിഇ എം.ബാബുരാജ്, കെ.കെ.പ്രകാശന്‍ മാസ്റ്റര്‍, പി.വി.വല്‍സന്‍ മാസ്റ്റര്‍, കെ.കെ.സുബൈര്‍, കെ.ഹസന്‍ കോയ സംസാരിച്ചു.
















