ബെംഗളൂരു: മുന്‍കേന്ദ്രമന്ത്രിയും കര്‍ണ്ണാടക ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ സി. എം. ഇബ്രാഹിം ഗര്‍ഭം അലസല്‍ വിവാദത്തില്‍ കുരുങ്ങി. മകള്‍ ഇഫയെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നാണ് ആരോപണം. ഇഫ ബെംഗളൂരു വിക്രം ആശുപത്രിയിലാണ്.
ഇബ്രാഹിമിന്റെ സഹോദരന്‍ സി. എം. ഖാദറിന്റെ മകനെയാണ് ഇഫ വിവാഹം കഴിച്ചിരിക്കുന്നത്. തന്റെ മരുമകളുടെ ഗര്‍ഭം അലസിപ്പിച്ചതില്‍ ഇബ്രാഹിമിന് പങ്കുണ്ടെന്ന് ഖാദര്‍ ആരോപിക്കുന്നു.
ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് ചേര്‍ത്ത ജ്യൂസ് ഇഫയ്‌ക്ക് നല്‍കിയെന്നും അതേത്തുടര്‍ന്ന് പാതി അലസിയ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് പരാതി.
ഇബ്രാഹിമിന്റെ മകന്‍ ഫെയ്‌സും മറ്റൊരു മകള്‍ ഷബീനയും ചേര്‍ന്ന് നിര്‍ബന്ധിച്ചാണ് ലൈം ജ്യൂസ് കുടിപ്പിച്ചതെന്നുംഅതിന് ചുവയുണ്ടായിരുന്നതായും ഇഫ പറഞ്ഞു. നാരങ്ങത്തൊലിയുള്ളതു കൊണ്ടാകാം ചുവയെന്നാണ് അവരപ്പോള്‍ പറഞ്ഞത്. ഖാദര്‍ പറഞ്ഞു. കഴിച്ചു കഴിഞ്ഞ് കടുത്ത വയറുവേദനയുണ്ടായി. ഉമ്മ ഷഹീലയും ഇബ്രാഹിമും പറഞ്ഞിട്ടാണ് അവര്‍ അങ്ങനെ ചെയ്തത്. ഖാദര്‍ പറയുന്നു.
ഇഫ തന്റെ മകനെ വിവാഹം കഴിച്ചത് അവര്‍ക്കിഷ്ടപ്പെട്ടിട്ടില്ലെന്നും നല്ല സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തില്‍ നിന്ന് വിവാഹം കഴിപ്പിക്കാനായിരുന്നു അവര്‍ക്കിഷ്ടമെന്നും ഖാദര്‍ പറയുന്നു. അതു സാധിക്കാത്തതിനാലാണ് ഈ ക്രൂരത കാട്ടിയത്. 15 ആഴ്‌ച്ച ഗര്‍ഭിണിയായ ഇഫയെ തിങ്കളാഴ്ചയാണ് പാതി ഗര്‍ഭം അലസിയ നിലയ്‌ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവരുടെ അവസ്ഥ മെച്ചപ്പെട്ടു. തനിക്ക് സംഭവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇബ്രാഹിമിന്റെ പ്രതികരണം.
















