കൊല്‍ക്കത്ത: റോസ്‌വാലിചിട്ടിതട്ടിപ്പുകേസില്‍ തങ്ങളുടെ രണ്ട് എംപിമാര്‍ അറസ്റ്റിലായതോടെ തൃണമൂലുകാര്‍ ബംഗാളില്‍ പലയിടങ്ങളിലും അക്രമം അഴിച്ചുവിട്ടു. കേന്ദ്രം രാഷ്‌ട്രീയ പക പോക്കുകയാണെന്നാണ് മമതയുടെ ആരോപണം. അതിനാല്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയെയാണ് വേട്ടയാടുന്നത്.
പ്രമുഖ ബിജെപി വനിതാ നേതാവ് കൃഷ്ണ ഭട്ടാചാര്യയുടെ ഉത്തരപുരയിലുള്ള വീടിനു നേരേയും തൃണമൂലുകാര്‍ ആക്രമണം അഴിച്ചുവിട്ടു. ഭട്ടാചാര്യ അടക്കം വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ ബിജെപി സംസ്ഥാന ഓഫീസ് അവര്‍ തകര്‍ത്തിരുന്നു.
മോദി വിരുദ്ധ മുദ്രാവാക്യം മുഴക്കി ബിജെപി ഓഫീസ് തകര്‍ത്ത അവര്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ആറു കാറുകളും തകര്‍ത്തു. അക്രമത്തില്‍ 15 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൂടാതെ ഹൂഗ്ലിയിലെ ബിജെപി ഓഫീസിനു നേരേയും ഇന്നലെ ആക്രമണമുണ്ടായി.
ബിജെപി ഓഫീസിനും പാര്‍ട്ടിക്കാര്‍ക്കും എതിരെ അക്രമം നടത്തിയതു കൊണ്ട് തട്ടിപ്പുകേസില്‍ നിന്ന് തലയൂരാമെന്ന് തൃണമൂല്‍ നേതാക്കള്‍ കരുതേണ്ടെന്ന് ബിജെപി നേതാവ് സിദ്ധാര്‍ഥ നാഥ് സിങ് പറഞ്ഞു.
പകരം നേതാക്കള്‍ എന്തുകൊണ്ട് അറസ്റ്റിലാകുന്നുവെന്ന് ചിന്തിക്കണം. അദ്ദേഹം പറഞ്ഞു. അക്രമം അഴിച്ചുവിട്ടതുകൊണ്ട് നേതാക്കള്‍ കുറ്റവിമുക്തരാകുമെന്ന് മമത കരുതേണ്ട. പാവങ്ങളുടെ പേരിലാണ് അധികാരത്തില്‍ വന്നത്. അവരെ വഞ്ചിക്കുകയാണ്. സിങ് പറഞ്ഞു.
















