കൊല്‍ക്കത്ത: കോടികളുടെ റോസ് വാലി ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റു ചെയ്തു. ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മൂന്നു നോട്ടീസുകള്‍ അയച്ചിട്ടും ഹാജരാകാതിരുന്ന എംപി ഒടുവില്‍ ഇന്നലെ ഹാജരാകുകയായിരുന്നു. കേസില്‍ മറ്റൊരു തൃണമൂല്‍ എംപി തപസ് പാലിനെ ഒരാഴ്ച മുന്‍പ് സിബിഐ അറസ്റ്റു ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ വൈരം തീര്‍ക്കുകയാണെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. നേരത്തെ ശാരദ ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മദന്‍ മിത്ര, എംപിമാരായ കുനാല്‍ ഘോഷ്, ശ്രീന്‍ജോയ് ബോസ് എന്നിവര്‍ അറസ്റ്റിലായിരുന്നു.
ബന്ദോപാധ്യായയുടെ അറസ്റ്റ് മമതാബാനര്‍ജിക്ക് വലിയ തിരിച്ചടിയാണ്. ഇയാള്‍ തൃണമൂലിന്റെ സീനിയര്‍ നേതാവാണെന്നു മാത്രമല്ല പാര്‍ട്ടി പാര്‍ലമെന്ററി നേതാവുമാണ്.
ഇന്നലെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെ സിബിഐ ആസ്ഥാനത്ത് എത്തിയ ബന്ദോപാധ്യായയെ ഉച്ചവരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ്. എനിക്കെതിരായ ആരോപണം എന്താണെന്ന് അറിയട്ടെയെന്ന് പറഞ്ഞാണ് എംപി സിബിഐ ആസ്ഥാനത്ത് എത്തിയത്.
റോസ്‌വാലി ചിട്ടി ഉടമ ഗൗതം കുണ്ടുവുമായി ബന്ദോപാധ്യയക്ക് അടുത്ത ബന്ധമാണ് ഉള്ളത്. റോസ്‌വാലിയില്‍ നിന്ന് എംപി വന്‍ തോതില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് വെളിവായി. ചിട്ടിക്കമ്പിനിയുടെ ചെലവില്‍ വിദേശ യാത്രകള്‍ വരെ നടത്തിയതായി സിബിഐ കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ബന്ദേപാധ്യായക്ക് കഴിഞ്ഞില്ല.
















