1952 ജൂണ്‍ മാസത്തിലെ ഒരു ദിവസം. ശോകസാന്ദ്രമായ ബാന്റിന്റെ അകമ്പടിയോടെ ഒരു ശവമഞ്ചവും വഹിച്ചുകൊണ്ട് വിലാപയാത്ര പാരീസിന്റെ പ്രധാന തെരുവിലൂടെ മുന്നോട്ടു നീങ്ങുന്നു. ആദര സൂചകമായി പള്ളിയിലെ മണികള്‍ മുഴങ്ങി. വിലാപയാത്രയുടെ മുന്‍നിരയില്‍ ഫ്രാന്‍സിന്റെ പ്രസിഡന്റും, 40 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും ഉണ്ടായിരുന്നു. അവരുടെ കൂടെ ലോകപ്രശസ്തയായ അന്ധയും, ബധിരയും, മൂകയുമായ ഹെലന്‍കെല്ലറും. ഈ മഹദ് വ്യക്തികളെ അനുഗമിച്ചുകൊണ്ട് കാഴ്ച നഷ്ടപ്പെട്ടവരുടെ ഒരുവന്‍കൂട്ടവും.
ഈ വിലാപയാത്ര എന്തിനായിരുന്നുവെന്ന് അറിയേണ്ടെ? ഫ്രാന്‍സിലെ കുവ്രേ എന്ന ഗ്രാമത്തില്‍ 100 വര്‍ഷം മുമ്പ് മരിച്ച് അടക്കം ചെയ്ത ഒരു മഹാന്റെ ശവശരീരം, രാജ്യത്തിന്റെ എല്ലാ ആദരങ്ങളും ഏറ്റുവാങ്ങി ഔദ്യോഗിക ബഹുമതികളോടെ വീണ്ടും അടക്കം ചെയ്യാനായിരുന്നു. ഇതുപോലുള്ള മറ്റൊരു സംഭവം ലോകചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടില്ല.
ആരായിരുന്നു ഫ്രഞ്ചു ജനതയുടെയും, ലോകരാഷ്‌ട്രങ്ങളുടെയും ആദരവ് പിടിച്ചുപറ്റിയ ആ മഹദ് വ്യക്തി?
കാഴ്ചയില്ലാത്തവര്‍ കേവലം ഭിക്ഷാംദേഹികളും, നിസ്സഹായരുമായി കരുതപ്പെട്ടിരുന്ന ഒരു കാലത്ത് നിരവധി എതിര്‍പ്പുകളേയും ക്ലേശങ്ങളേയും അതിജീവിച്ചുകൊണ്ട് അവര്‍ക്കായി ഒരു എഴുത്തുരീതി കണ്ടുപിടിച്ച ലൂയിബ്രെയില്‍ ആയിരുന്നു ആ മഹാന്‍. കാഴ്ചശേഷിയില്ലാത്തവര്‍ക്ക് വലിയ അനുഗ്രഹമായിത്തീര്‍ന്ന ബ്രെയില്‍ ലിപിയെ പറ്റി നാമെല്ലാം കേട്ടിട്ടുണ്ടെങ്കിലും അതെങ്ങനെയുണ്ടായി, ആരാണ് അതുണ്ടാക്കിയത് എന്നതിനെക്കുറിച്ച് നല്ലവണ്ണം അറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. അതിന്റെ നിര്‍മ്മാതാവായ ലൂയിബ്രെയിലിന്റെ ജീവിതം കാഴ്ചയില്ലാത്തവര്‍ മാത്രമല്ല മനുഷ്യസ്‌നേഹികളായ എല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്.
1809 ജനുവരി 4ന് ഫ്രാന്‍സിലെ കുവ്രേ ഗ്രാമത്തില്‍ സിമോണ്‍ റെനേ ബ്രെയിലിന്റെയും മോനിക്കിന്റെയും നാല് മക്കളില്‍ ഇളയവനായി ലൂയി ബ്രെയില്‍ ജനിച്ചു. സിമോണ്‍ റനേ കുതിരയുടെ ജീനി നിര്‍മ്മാണക്കാരനായിരുന്നു. മാതാപിതാക്കളും, സഹോദരങ്ങളും ലൂയിയെ വളരെയധികം സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്തു. 3 വയസ്സാകുമ്പോഴേക്കും ലൂയി ഉത്സാഹവും, ചുറുചുറുക്കുമുള്ള ഒരു ബാലനായി വളര്‍ന്നിരുന്നു. നിത്യവും പണിപ്പുരയില്‍ പോയി അച്ഛന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയെന്നത് ലൂയിയുടെ പതിവായിരുന്നു. ക്രമേണ അച്ഛനെപ്പോലെ ജീനി നിര്‍മ്മാണക്കാരനാവാനുള്ള മോഹം ലൂയിയില്‍ മൊട്ടിട്ടു. പക്ഷെ ഈ മോഹം പൂത്തുലയുന്നതിനുള്ള വേദി ഒരുക്കുന്നതിനുപകരം, ആ പണിശാല ലൂയിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചു.
എന്നും ചെയ്യാറുള്ളതുപോലെ ഒരു ദിവസം ലൂയി അച്ഛന്റെ പണിശാലയില്‍ പ്രവേശിച്ചു. ആ സമയം സിമോണ്‍ അവിടെയുണ്ടായിരുന്നില്ല. ഒരു കൂര്‍ത്തകമ്പികൊണ്ട് അച്ഛന്‍ ചെയ്യുന്നതുപോലെ തൂകലില്‍ ഒരു ദ്വാരമുണ്ടാക്കാന്‍ ലൂയി ശ്രമം തുടങ്ങി. പലവട്ടം ശ്രമിച്ചിട്ടും അത് വിജയിച്ചില്ല. അവസാനം മുഴുവന്‍ ശക്തിയും ഉപയോഗിച്ചു നടത്തിയ ശ്രമം വിജയിച്ചെങ്കിലും ഒരു വലിയ ദുരന്തത്തിന്റെ നാന്ദിയെന്നോണം കൂര്‍ത്ത കമ്പി ലൂയിയുടെ വലതുകണ്ണില്‍ തുളച്ചു കയറി. വേദന കൊണ്ട് പുളയുന്ന ലൂയിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ പ്രിയപുത്രന്റെ കണ്ണില്‍ നിന്ന് രക്തം ധാരധാരയായി ഒഴുകുന്നതാണ് കണ്ടത്.
വലതുകണ്ണിനേറ്റ ആഴമേറിയ മുറിവ് സുഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. കാഴ്ച വീണ്ടെടുക്കാന്‍ മാതാപിതാക്കള്‍ നടത്തിയ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു. വൈദ്യശാസ്ത്രം വേണ്ടത്ര വികസിച്ചിട്ടില്ലാത്ത കാലഘട്ടമായിരുന്നു അത്. വലതുകണ്ണിലെ പഴുപ്പ് ഇടതുകണ്ണിനെയും ബാധിച്ചു. ക്രമേണ ഇരുകണ്ണിന്റേയും കാഴ്ച മങ്ങുവാന്‍ തുടങ്ങി. ഓടി നടന്നിരുന്ന സ്വന്തം വീട്ടില്‍ പോലും മങ്ങിയ കാഴ്ചകാരണം ലൂയി തട്ടിവീഴാന്‍ തുടങ്ങി. അങ്ങനെ 5 വയസ്സായപ്പോഴേക്കും കോര്‍ണിയക്കേറ്റ ക്ഷതം കാരണം ലൂയിബ്രെയില്‍ പൂര്‍ണ്ണമായി അന്ധതയുടെ പിടിയിലമര്‍ന്നു.
ബ്രെയില്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ആഘാതമായിരുന്നു. അക്കാലത്തും കാഴ്ചശേഷിയില്ലാത്തവര്‍ മറ്റുള്ളവരുടെ സന്‍മനസ്സുകൊണ്ടാണ് ജീവിതം നയിച്ചിരുന്നത്. ഭിക്ഷാടനം ഈ സഹോദരന്മാര്‍ കുലത്തൊഴിലായി കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. തങ്ങളുടെ ഓമന മകനും ഭിക്ഷക്കാരനായി ജീവിക്കേണ്ടി വരുമോ എന്ന ചിന്ത മാതാപിതാക്കളെ അലട്ടുവാന്‍ തുടങ്ങി.
ലൂയിക്ക് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും നിര്‍ലോഭമായ വാത്സല്യവും പരിചരണവും ലഭിച്ചു. അവര്‍ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ക്ഷമാപൂര്‍വ്വം അവന് മനസ്സിലാക്കി കൊടുത്തു. സ്പര്‍ശനത്തിലൂടെയും ഗന്ധത്തിലൂടെയും ചുറ്റുമുള്ള ആളുകളെയും, സസ്യങ്ങളെയും, മൃഗങ്ങളെയും മറ്റു വസ്തുക്കളെയും തിരിച്ചറിയാന്‍ അവനെ പഠിപ്പിച്ചു. അന്ന് കുപ്രേയിലെ റെക്ടറായിരുന്ന ഫാദര്‍ പാളൂയിക്ക് (Palluy) ലൂയിയോട് എന്തെന്നില്ലാത്ത സ്‌നേഹവും വാത്സല്യവും ഉണ്ടായിരുന്നു. ലൂയിയുടെ അപാരമായ ബുദ്ധിശക്തിയും, തളരാത്ത മനസ്സും കണ്ട ഫാദര്‍ പാളൂയി, ലൂയിയെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ മാതാപിതാക്കളോട് പറഞ്ഞു. അങ്ങനെ കാഴ്ചയുള്ള കൂട്ടുകാര്‍ക്കൊപ്പമിരുന്ന് ലൂയി പഠനം തുടങ്ങി.
അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ലൂയിക്ക് ഈ പ്രതിസന്ധി തരണം ചെയ്യാന്‍ അച്ഛന്‍ ഒരുപായം കണ്ടെത്തി. പലകയില്‍ ആണികള്‍ തറച്ച് അദ്ദേഹം അക്ഷരമാല രൂപപ്പെടുത്തി. ലൂയി അത് വളരെ ക്ഷമാപൂര്‍വ്വം സ്പര്‍ശിച്ചു പഠിച്ചു. ഉരുണ്ട അഗ്രത്തോടുകൂടിയ ആണികള്‍ കൊണ്ടു രൂപപ്പെടുത്തിയ അക്ഷരമാല, പില്‍ക്കാലത്ത് ലൂയി കണ്ടുപിടിച്ച ബ്രെയില്‍ ലിപിയുടെ മുന്‍ഗാമിയായിരുന്നോ?
ലൂയിയുടെ അസാമാന്യ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും പഠനത്തിലുള്ള താല്‍പര്യവും കണ്ട് ഫാദര്‍ പാളൂയി, ലൂയിക്ക് കൂടുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ ലൂയി 10-ാം വയസ്സില്‍ കാഴ്ചയില്ലാത്തവര്‍ക്കായി വാലെന്റന്‍ ഹാവി (Valentin Havy) എന്ന മനുഷ്യസ്‌നേഹി സ്ഥാപിച്ച വിദ്യാലയത്തില്‍ (Royal institute for the Blind) ചേര്‍ന്നു. ഒരു പുതിയ ജീവിതത്തിലേക്കുള്ള കാല്‍വെപ്പും പ്രശസ്തിയിലേക്കുള്ള ആദ്യപടിയുമായിരുന്നു അത്.
സ്‌കൂളിലെ പുതിയ അന്തരീക്ഷവും മാതാപിതാക്കളേയും സഹോദരങ്ങളേയും വിട്ടുനില്‍ക്കുന്നതും, ലൂയിയില്‍ മനോവിഷമം ഉളവാക്കി. ക്രമേണ ലൂയി ഇതുമായി പൊരുത്തപ്പെടാന്‍ തുടങ്ങി. പഠനത്തില്‍ ലൂയി തന്റെ സഹപാഠികളെയെല്ലാം പിന്നിലാക്കി അദ്ധ്യാപകരുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി. 1821 ഏപ്രില്‍ 11 ലൂയിയുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റത്തിന് വഴി തെളിയിച്ച ദിനമായിരുന്നു. ആ ദിവസം റിട്ട. ആര്‍ട്ടിലറി ക്യാപ്റ്റന്‍ ഷാര്‍ള് ബാര്‍ബിയേ ദേ ലേസര്‍ (charls barbiar de leserre) ലൂയി പഠിച്ചിരുന്ന സ്‌കൂളില്‍ വരാനിടയായി. അദ്ദേഹം താന്‍ കണ്ടുപിടിച്ച എഴുത്തുരീതി വിദ്യാലയത്തിലെ അദ്ധ്യാപകരെ കാണിച്ചു. കാര്‍ഡ് ബോര്‍ഡില്‍ പൊന്തിനില്‍ക്കുന്ന കുത്തുകളും, വരകളും ചേര്‍ന്ന ഒരു അക്ഷരമാലയായിരുന്നു അത്. യുദ്ധകാലത്ത് രാത്രിയില്‍ സൈനികര്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിന് ആ രീതി ഉപയോഗിച്ചിട്ടുണ്ടെന്നും, അതിന് പ്രകാശത്തിന്റെ ആവശ്യമില്ലെന്നും ക്യാപ്റ്റന്‍ വിശദീകരിച്ചു.
ഈ എഴുത്തുരീതി ലൂയിയെ ഏറെ ആകര്‍ഷിച്ചുവെന്ന് മാത്രമല്ല, അധികം താമസിയാതെ അത് സ്വായത്തമാക്കുകയും ചെയ്തു. അതോടൊപ്പംതന്നെ അതിന്റെ പരിമിതികളെ കുറിച്ചും ലൂയി ബോധവാനായിരുന്നു. പകല്‍ മുഴുവന്‍ ക്ലാസ്സില്‍ ചെലവഴിച്ച ലൂയി, രാത്രികാലങ്ങളില്‍ ഉറക്കം വെടിഞ്ഞ് സാധാരണകാഴ്ചയുള്ളവര്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നതുപോലെ അക്ഷരങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഒരു പുതിയ എഴുത്തുരീതി കണ്ടുപിടിക്കാന്‍ ആലോചിച്ചു. അവധിക്കാലത്ത് കുവ്രേയിലെ വീട്ടില്‍ വെച്ച് തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു.
1829ല്‍ ലൂയി താന്‍ കണ്ടുപിടിച്ച പുതിയ എഴുത്തു രീതി വിദ്യാലയത്തിലെ മേധാവിയുടെ മുമ്പാകെ അവതരിപ്പിച്ചു. ഈ പുതിയ അക്ഷര രീതിയുടെ അടിസ്ഥാനമായി ലൂയി സ്വീകരിച്ചത് 6 കുത്തുകളാണ്. കാഴ്ചയുള്ളവര്‍ ഉപയോഗിക്കുന്ന എല്ലാ ലിഖിതചിഹ്നങ്ങളും ഇതുകൊണ്ട് പകര്‍ത്തിയെഴുതാന്‍ കഴിയുമെന്ന് ലൂയി മേധാവിയെ ബോധിപ്പിച്ചു. ഈ എഴുത്തു രീതി എത്രമാത്രം പ്രയോജനപ്രദമാണെന്ന് പരീക്ഷിക്കാന്‍ വിദ്യാലയത്തിലെ മേധാവി തീരുമാനിച്ചു.
അന്നത്തെ പത്രത്തില്‍ വന്ന ഒരു ലേഖനം വായിക്കുകയും ലൂയിയോട് അതേപടി പകര്‍ത്തിയെഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തു. വായനകഴിഞ്ഞപ്പോള്‍ ലൂയി താന്‍ വികസിപ്പിച്ചെടുത്ത അക്ഷരരീതികൊണ്ട് എഴുതിയ ലേഖനത്തിന്റെ ഭാഗങ്ങള്‍ സ്പര്‍ശം കൊണ്ട് മനസ്സിലാക്കി ഒരു തെറ്റും കൂടാതെ വായിച്ചുകൊടുത്തു. ലൂയിയുടെ സഹപാഠികള്‍ ഈ പുതിയ എഴുത്തുരീതി പരീക്ഷിക്കുകയും അതെത്രമാത്രം പ്രയോജനപ്രദമാണെന്ന് മനസ്സിലാക്കി അതീവ സന്തോഷവാന്മാരായിത്തീരുകയും ചെയ്തു. ഇത് അവരെ ക്ലാസ്സില്‍ അദ്ധ്യാപകര്‍ പറയുന്ന പാഠഭാഗങ്ങള്‍ പരസഹായമില്ലാതെ എഴുതിയെടുക്കാനും വായിക്കാനും സഹായിച്ചു.
തന്റെ വിദ്യാലയത്തിലെ സഹപാഠികള്‍ക്കുമാത്രമല്ല, ലോകത്തിലെ കാഴ്ച നഷ്ടപ്പെട്ട ഓരോ വ്യക്തിക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന് ലൂയി മോഹിച്ചു. വിദ്യാലയത്തിലെ മേധാവി ലൂയി വികസിപ്പിച്ചെടുത്ത അക്ഷരമാല കാഴ്ചനഷ്ടപ്പെട്ടവരുടെ അംഗീകൃത ലിപിയാക്കണമെന്ന് ഫ്രഞ്ച് ഭരണാധികാരികളോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും അത് നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്.
ഈ കാലയളവില്‍ ലൂയി വിദ്യാലയത്തിലെ സഹ അദ്ധ്യാപകനായി നിയമിതനായി. വിദ്യാര്‍ത്ഥികള്‍ക്ക് ലൂയിയുടെ അദ്ധ്യാപന ശൈലി വളരെയധികം ഇഷ്ടപ്പെട്ടു. അനവധി ഗ്രന്ഥങ്ങള്‍ താന്‍ വികസിപ്പിച്ചെടുത്ത അക്ഷരമാലയിലൂടെ പകര്‍ത്തിയെഴുതുന്നതിനായി ഒഴിവു സമയങ്ങള്‍ ലൂയി വിനിയോഗിച്ചു. ഈ സമയത്തുതന്നെ കാഴ്ച നഷ്ടപ്പെട്ട സംഗീതജ്ഞര്‍ക്ക് സംഗീത ശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതാനും വായിക്കാനുമുള്ള ചില പ്രത്യേക ചിഹ്നങ്ങള്‍ക്ക് രൂപം നല്‍കി.
1834ല്‍ ഫ്രാന്‍സില്‍ സംഘടിപ്പിച്ച ഒരു എക്‌സിബിഷനില്‍ പങ്കെടുത്ത് ലൂയി തന്റെ അക്ഷരമാല അവിടെ പ്രദര്‍ശിപ്പിച്ചു. സന്ദര്‍ശകനായ ഫ്രഞ്ചു ചക്രവര്‍ത്തി ഇത് കാണാനിടയായെങ്കിലും ഔദ്യോഗികമായി ഈ അക്ഷരമാലയെ അംഗീകരിക്കാന്‍ അദ്ദേഹവും തയ്യാറായില്ല. ഇത് ലൂയിയെ വളരെ നിരാശനാക്കി. ആയിടക്ക് ലൂയിയുടെ ആരോഗ്യം ക്ഷയിക്കുവാന്‍ തുടങ്ങി. ഇടയ്‌ക്കിടെ പനിയും, ചുമയും ലൂയിയെ ബാധിച്ചു. താന്‍ ക്ഷയരോഗബാധിതനാണെന്നറിഞ്ഞിട്ടും, ലൂയി തന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല. അക്ഷരമാലയില്‍ പുതിയ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
ദിവസങ്ങള്‍ കഴിയുന്തോറും ലൂയി കൂടുതല്‍ കൂടുതല്‍ ക്ഷീണിതനായി കാണപ്പെട്ടു. ഇന്നത്തെപോലെ ചികിത്സാ സമ്പ്രദായം വികാസം പ്രാപിച്ചിട്ടില്ലാത്ത കാലഘട്ടമായിരുന്നല്ലോ അത്. പൂര്‍ണ്ണ വിശ്രമം മാത്രമായിരുന്നു ഏക ചികിത്സ. ഇടയ്‌ക്കിടെ കുവ്രേയിലുള്ള ജന്മഗൃഹത്തിലേക്ക് വിശ്രമിക്കാനായി ലൂയി വന്നുകൊണ്ടിരുന്നു. പക്ഷേ ഇതൊന്നും ലൂയിയെ മരണത്തിന്റെ കൈകളില്‍ നിന്ന് മോചിതനാവാന്‍ പ്രാപ്തനാക്കിയില്ല. 1852 ജനുവരി 6 ന് പാരീസില്‍ വെച്ച് ലൂയി ലോകത്തോട് വിടപറഞ്ഞു.
ലൂയി മരിച്ച് 2 വര്‍ഷത്തിനുശേഷം അത് സംഭവിച്ചു. ഫ്രഞ്ച് ഭരണകൂടം ലൂയി വികസിപ്പിച്ചെടുത്ത അക്ഷരമാല, കാഴ്ചശേഷിയില്ലാത്തവരുടെ ഔദ്യോഗിക അക്ഷരമാലയായി അംഗീകരിച്ചു. ലൂയിയോടുള്ള ആദരസൂചകമായി ഈ അക്ഷരമാലയെ ‘ബ്രെയില്‍ ലിപി’ എന്ന് നാമകരണം ചെയ്തു. ഇന്ന് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും ബ്രെയില്‍ ലിപി അംഗീകരിച്ചിട്ടുണ്ട്. മാത്രവുമല്ല ജനുവരി 4 ലൂയിബ്രെയില്‍ ദിനമായി ലോകം ആചരിക്കുകയും ചെയ്തുവരുന്നു.
ആത്മവിശ്വാസവും, സ്ഥിരോത്സാഹവുമുള്ള ഒരു വ്യക്തിക്ക്, എത്ര വലിയ വൈകല്യമുണ്ടെങ്കിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ പറ്റും എന്നതിനുള്ള ഉദാത്തമായ ഉദാഹരണമാണ് ലൂയി ബ്രെയിലിന്റെ ജീവിതം.
കോര്‍ണിയക്ക് ക്ഷതം സംഭവിച്ചതാണ് ലൂയി ബ്രെയിലിന് കാഴ്ച നഷ്ടപ്പെടാന്‍ കാരണം. കോര്‍ണിയക്ക് തകരാറു സംഭവിച്ചതുമൂലം പതിനായിരക്കണക്കിന് ആളുകള്‍ കാഴ്ച നഷ്ടപ്പെട്ടവരായി നമുക്കു ചുറ്റുമുണ്ട്. കോര്‍ണിയ മാറ്റിവെച്ച് കാഴ്ചശക്തി തിരിച്ചെടുക്കാനുള്ള ശസ്ത്രക്രിയകള്‍ ഇന്ന് ലഭ്യമാണ്. ഇത്തരത്തില്‍ ശാസ്ത്രം വളരാത്തതിനാലാണ് ലൂയിക്ക് കാഴ്ചശക്തി നഷ്ടമായത്. അന്ധത എന്നാല്‍ കാഴ്ചയില്ലായ്‌മ എന്നതിലേറെ അറിവില്ലായ്‌മയാണ്. കാഴ്ചനഷ്ടപ്പെട്ടവരെ അറിവില്ലാത്തവര്‍ എന്നു വിളിക്കാനാവില്ലെന്ന് ലൂയി ബ്രെയിലിന്റെ ജീവിതം സാക്ഷിയാണ്. അതിനാലവരെ അന്ധര്‍ എന്നു വിളിക്കുന്നതിനുപകരം കാഴ്ചവൈകല്യം ബാധിച്ചവര്‍ എന്നു വിളിക്കുന്നതാണ് ശരി.
കോര്‍ണിയക്ക് ക്ഷതം ബാധിച്ചവരെ വെളിച്ചത്തിന്റെ വഴിയിലേക്ക് നയിക്കാന്‍ സര്‍ക്കാര്‍ തലത്തിലും മറ്റും നിരവധി പദ്ധതികളുണ്ട്. അംഗവൈകല്യം ബാധിച്ചവര്‍ക്കു തങ്ങളുടെ വൈകല്യങ്ങളെ വീഴ്ചയായല്ല, ശക്തിയായി കരുതാന്‍ പ്രേരണ നല്‍കുന്ന സംഘടനയാണ് ”CAMBA” അഥവാ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍. കോര്‍ണിയ തകരാറുമൂലം കാഴ്ച ശക്തി നഷ്ടമായവര്‍ക്ക് വെളിച്ചം പകരാന്‍ സക്ഷമ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇഅങആഅ അഥവാ കോര്‍ണിയ അന്ധത മുക്ത ഭാരത് അഭിയാന്‍. നിരവധിപേര്‍ക്ക് ഈ പദ്ധതിയിലൂടെ കാഴ്ചശക്തി തിരിച്ചുകിട്ടിയിട്ടുണ്ട്. നേത്രദാനത്തിലൂടെ മറ്റുള്ളവര്‍ക്ക് കാഴ്ചശക്തി നല്‍കാന്‍ സമൂഹത്തെ സന്നദ്ധരാക്കുന്ന പ്രവര്‍ത്തനത്തിന് ലൂയി ബ്രെയിലിന്റെ ജീവിതം നമുക്ക് അനശ്വര പ്രേരണയേകട്ടെ.
















