രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ തമിഴ്‌നാടിനെതിരെ മുംബൈ പതറുന്നു. തമിഴ്‌നാടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 305നു മറുപടിയായി രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍. നായകന്‍ ആദിത്യ താരെയും (19), ശ്രേയസ് അയ്യരും (24) ക്രീസില്‍.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടര്‍ന്ന തമിഴ്‌നാടിന്റെ ഇന്നിങ്‌സ് 305ല്‍ അവസാനിച്ചു. അര്‍ധ സെഞ്ചുറി നേടിയ വിജയ് ശങ്കറും (50), അശ്വിന്‍ ക്രൈസ്റ്റുമാണ് (31) സ്‌കോര്‍ 300 കടത്തിയത്. മുംബൈക്കായി ഷര്‍ദുല്‍ താക്കൂറും അഭിഷേക് നായരും നാല് വീതം വിക്കറ്റെടുത്തു. ബല്‍വീന്ദര്‍ സന്ധുവിനും വിജയ് ഗോഹിലിനും ഓരോ വിക്കറ്റ്.
മുംബൈക്ക് തുടക്കത്തിലേ ഓപ്പണര്‍ പൃഥ്വി ഷായെ (നാല്) നഷ്ടം. സൂര്യകുമാര്‍ യാദവും (73), പ്രഫുല്‍ വഗേലയും (48) ചേര്‍ന്ന് 121 റണ്‍സ് ചേര്‍ത്ത് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചെങ്കിലും ഇരുവരും അടുത്തടുത്ത് മടങ്ങിയത് തിരിച്ചടിയായി. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ താരെയും ശ്രേയസും ചേര്‍ന്ന് 43 റണ്‍സ് ചേര്‍ത്ത് മുംബൈയെ തിരികെയെത്തിച്ചു. അശ്വിന്‍ ക്രൈസ്റ്റ്, ഔഷിക് ശ്രീനിവാസ്, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
















