ന്യൂദല്‍ഹി: സൂര്യനമസ്കാരം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. സൂര്യനമസ്കാരം സംസ്കാരത്തിനും ഇസ്ലാം പാരമ്പര്യത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
സൂര്യനമസ്കാരം ശരീരത്തിന് അനുയേജ്യമായ സമഗ്രമായ വ്യായാമമുറയാണെന്ന അടിക്കുറിപ്പോടെ സൂര്യനമസ്കാരം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈഫ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ സൂര്യനമസ്കാരം ഇസ്ലാമില്‍ നൂറ് ശതമാനം നിരോധിക്കപ്പെട്ട കാര്യമാണെന്ന് വിമര്‍ശകര്‍ പറയുന്നു. അള്ളാഹുവിന് മുന്നിലല്ലാതെ മറ്റാര്‍ക്ക് മുന്നിലും മുട്ട് മടക്കരുതെന്നും ഇക്കൂട്ടര്‍ പറയുന്നു.‘
‘
എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. ശാരീരിക വ്യായാമത്തിന് മതവുമായി ഒരു ബന്ധവുമില്ലെന്നാണ് കെയ്ഫ് പ്രതികരിച്ചത്. അള്ളാഹു എന്റെ ഹൃദയത്തിലാണുള്ളത്. ഏതെങ്കിലും വ്യായാമമുറകളോ സൂര്യനമസ്കാരമോ ചെയ്യുന്നതും മതവിശ്വാസവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് തനിക്ക് വ്യക്തമാകുന്നില്ലെന്നും കെയ്ഫ് മറുപടി ട്വീറ്റില്‍ ചോദിച്ചു.
















