നെല്‍സണ്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. ആദ്യ രണ്ടു കളികളും ജയിച്ച കിവികള്‍ മൂന്നാം മത്സരം എട്ടു വിക്കറ്റിന് ജയിച്ചാണ് പരമ്പര നേടിയത്. സ്‌കോര്‍: ബംഗ്ലാദേശ് – 236/9 (50), ന്യൂസിലന്‍ഡ് – 239/2 (41.2).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വലിയ സ്‌കോര്‍ ഉയര്‍ത്താനായില്ല. ആദ്യ വിക്കറ്റില്‍ തമീം ഇഖ്ബാലും (59), ഇമ്രുള്‍ കയെസും (44) 102 റണ്‍സ് ചേര്‍ത്ത് മികച്ച അടിത്തറയൊരുക്കിയെങ്കിലും മുതലാക്കാനായില്ല ബംഗ്ല കടുവകള്‍ക്ക്. നുറുള്‍ ഹുസൈനും (44) പൊരുതി. കിവികള്‍ക്കായി മിച്ചല്‍ സാന്റ്‌നറും മാറ്റ് ഹെന്റിയും രണ്ട് വീതം വിക്കറ്റെടുത്തു. ടിം സൗത്തി, ജീതന്‍ പട്ടേല്‍, ജയിംസ് നീഷം, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ (ആറ്) പരിക്കേറ്റ് മടങ്ങിയതും ടോം ലഥം (നാല്) ചെറിയ സ്‌കോറില്‍ പുറത്തായതും തുടക്കത്തില്‍ തിരിച്ചടിയായി കിവികള്‍ക്ക്. എന്നാല്‍, രണ്ടാം വിക്കറ്റില്‍ 179 റണ്‍സ് ചേര്‍ത്ത് നായകന്‍ കെയ്ന്‍ വില്യംസണും (95 നോട്ടൗട്ട്), നീല്‍ ബ്രൂമും (97) അവരെ വിജയത്തോടടുപ്പിച്ചു. പിന്നീട് ജയിംസ് നീഷത്തിനൊപ്പം (28 നോട്ടൗട്ട്) വില്യംസണ്‍ ജയം പൂര്‍ത്തിയാക്കി. ഓള്‍റൗണ്ട് പ്രകടനം നടത്തിയ വില്യംസണ്‍ കളിയിലെ താരമായി. വീണ രണ്ടു വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്.
















