ചെന്നൈ: ജയലളിത തെളിച്ച വഴിയിലൂടെ പാര്‍ട്ടിയെ നയിക്കുമെന്ന് ശശികല. പാര്‍ട്ടി പദവി താന്‍ സ്വപ്നം കണ്ടിരുന്നില്ലെന്നും അവര്‍ പറഞ്ഞു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്ത ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ജയലളിതയുടെ അസാനിധ്യത്തില്‍ ആരെങ്കിലും പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ജനം അവരെ പാഠം പഠിപ്പിക്കണമെന്നും ശശികല പറഞ്ഞു. വികാരാധീനയായാണ് യോഗത്തില്‍ മുഴുവന്‍ ശശികല സംസാരിച്ചത്. ഒമ്പതരക്കോടി തമിഴരുടെ ഭാവി എഐഎഡിഎംകെയുടെ കൈയിലാണ്. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 75 ദിവസവും അവര്‍ തിരികെ വരുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെയും പാര്‍ട്ടിയേയും ഇരുട്ടിലാഴ്‌ത്തിക്കൊണ്ടാണ് ജയലളിത നമ്മെ വിട്ടുപോയത്.
പാര്‍ട്ടിയായിരുന്നു ജയലളിതയ്‌ക്ക് ജീവന്‍. എന്നാല്‍ തനിക്ക് ജയലളിതയായിരുന്നു ജീവന്‍. കഴിഞ്ഞ 33 വര്‍ഷത്തില്‍ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവരെ വിട്ട് നിന്നിട്ടുള്ളത്. ജയലളിതയെ പരിചരിക്കുകയും ശുശ്രൂഷിക്കുകയുമായിരുന്നു തന്റെ ജോലി. പാര്‍ട്ടി അണികളും പാര്‍ട്ടി നേതാക്കളും നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കുന്നതെന്നും ശശികല പറഞ്ഞു.
















