പോര്‍ട്ട് എലിസബത്ത്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 206 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ജയിക്കാന്‍ 488 റണ്‍സ് വേണ്ടിയിരുന്ന ലങ്ക രണ്ടാമിന്നിങ്‌സില്‍ 281 റണ്‍സിന് പുറത്തായി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക – 286, 406/6 ഡിക്ല., ശ്രീലങ്ക – 205, 281.
അഞ്ചിന് 240 എന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടര്‍ന്ന ലങ്ക 13.3 ഓവറില്‍ 41 റണ്‍സ് കൂടി ചേര്‍ത്ത് കൂടാരം കയറി. നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് (59) ടോപ് സ്‌കോറര്‍. അവസാന ദിനം ക്രീസിലുണ്ടായിരുന്ന മാത്യൂസിലായിരുന്നു സന്ദര്‍ശകരുടെ പ്രതീക്ഷ. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മികവിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല അവര്‍ക്ക്.
കുശാല്‍ മെന്‍ഡിസ് 58 റണ്‍സെടുത്തു. കാഗിസൊ റബഡയും കേശവ് മഹാരാജും മൂന്ന് വീതം വിക്കറ്റെടുത്തു. കെയ്ല്‍ അബോട്ട് രണ്ടും, വെര്‍നോണ്‍ ഫിലാന്‍ഡര്‍ ഒന്നും വിക്കറ്റെടുത്തു. രണ്ടാമിന്നിങ്‌സില്‍ സെഞ്ചുറി നേടി ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച ലീഡ് നല്‍കിയ ഓപ്പണര്‍ സ്റ്റെഫാന്‍ കുക്ക് കളിയിലെ താരം. അടുത്ത കളി ജനുവരി രണ്ടു മുതല്‍ കേപ്ടൗണില്‍.
















