രാമപുരം: കോട്ടമലയില്‍ വന്‍കിട പാറമടയും ക്രഷര്‍ യൂണിറ്റും ആരംഭിക്കുന്നതിനെതിരെ സമരസമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി കോട്ടമല സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ കളക്ട്രേറ്റില്‍ എത്തിയ എംഎല്‍എ മാരുടെ സംഘം ഉദ്യോഗസ്ഥര്‍മാരില്‍ നിന്നും, നാട്ടുകാരില്‍ നിന്നും പരാതികള്‍ കേള്‍ക്കുകയും, തെളിവെടുക്കുകയും ചെയ്തു.
രാമപുരം, കടനാട്, പുറപ്പുഴ പഞ്ചായത്തുകള്‍ക്ക് പുറമെ വിവിധ രാഷട്രീയ, സാമൂഹിക, സാമുദായിക സംഘടനകളുടെതുള്‍പ്പെടെ നൂറോളം പരാതികള്‍ ഇത് സംബന്ധിച്ച് കമ്മിറ്റിയ്‌ക്ക് ലഭിച്ചു. ഖനനം ആരംഭിച്ചാല്‍ പ്രദേശത്ത് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ജനങ്ങളും ഉദ്യോഗസ്ഥരും കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തി. തുടര്‍ന്ന് പരിസ്ഥിതി കമ്മിറ്റി അംഗങ്ങള്‍ കോട്ടമലയില്‍ സന്ദര്‍ശനം നടത്തി. കാര്യങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. ഖനനത്തിന് അനുയോജ്യമായ സ്ഥലമല്ല കോട്ടമലയെന്നും ഇത് സംരക്ഷിക്കേണ്ടതാണെന്നും അംഗങ്ങള്‍ പറഞ്ഞു.
മലയുടെ അടിവാരത്ത് എത്ര കുടുംബങ്ങള്‍ താമസിക്കുന്നുണ്ട് അവരുടെ കുടിവെള്ള സ്രോതസ് എന്താണ്, മലയില്‍ ഓലിയോ കുളങ്ങളോ ഉണ്ടോ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുവാന്‍ സമിതി പഞ്ചായത്തിനോടും റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടു.
നിയമസഭ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍, കെ ബാബു, എം വിന്‍സെന്റ്, പി.റ്റി.എ. റഹിം, അനില്‍ അക്കര, കെ.വി. വിജയദാസ് എന്നീ എംഎല്‍ എമാര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കോട്ടമല സന്ദര്‍ശനം നടത്തിയതിന് ശേഷം സംഘം മുന്‍ മേഘാലയാ ഗവര്‍ണ്ണര്‍ എം.എം. ജേക്കബിന്റെ വസതി സന്ദര്‍ശിച്ചു. അദ്ദേഹവും കമ്മിറ്റി മുന്‍പാകെ പരാതി നല്‍കി. ഡോ. കെ. ജി. താര, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഡിസിസി ജനറല്‍ സെക്രട്ടറി സി.റ്റി. രാജന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.ബി. വിനു, രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സോണി ജോണി, എം.പി. ശ്രീനിവാസ്, എം.ഓ. ശ്രീക്കുട്ടന്‍, മത്തച്ചന്‍ പുതിയിടത്തചാലില്‍, സെല്ലി ജോര്‍ജ്ജ്, ജീനസ് നാഥ്, മിനി ശശി, അരുണ്‍ ബേബി തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
















