വൈക്കം: താലൂക്ക് ഓഫീസിനുമുന്നില്‍ പതിമൂന്ന് പട്ടികവര്‍ഗ കുടുംബങ്ങള്‍ നടത്തിവന്ന നിലനില്‍പ്പ് സമരം ഒത്തു തീര്‍പ്പായി. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഭൂമിലഭിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായതെന്ന്‌സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത 10 കുടുംബങ്ങള്‍ക്ക് 25സെന്റ് സ്ഥലം നല്‍കും. ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം എന്ന പദ്ധതിയില്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി ചെറുവള്ളിയിലാണ് സ്ഥലം നല്‍കുന്നത്.ഇവിടെ വീട് നിര്‍മ്മിക്കുന്നതിനായി മൂന്നരലക്ഷം രൂപയും നല്‍കും.
സമരം ചെയ്ത മറ്റ് രണ്ട് കുടുംബങ്ങള്‍ക്ക് ഭൂരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി മുന്ന്‌സെന്റ് സ്ഥലം അനുവദിക്കും. ഇവര്‍ക്ക് കൃഷി ഭൂമി നല്‍കുന്നതിനെക്കുറിച്ച്‌സര്‍ക്കാര്‍തലത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഉള്ളാടന്‍, കാട്ടുനായിക്കന്‍,മലവേടന്‍ വിഭാഗങ്ങളില്‍പെട്ട 13 കുടുംബങ്ങളാണ് താലൂക്കാഫീസിനു മുന്നില്‍ ഒരുവര്‍ഷമായി സമരം ചെയ്യുന്നത്. മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ഒരേക്കര്‍ ഭൂമിപതിച്ചു നല്‍കുക, എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍ നല്‍കുക, ഭൂമി കിട്ടാതിരിക്കാന്‍ കാലതാമസം വരുത്തിയ മുന്‍ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ഓഫീസറെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ സമരം നടത്തിവന്നത്. ജില്ല കളക്ടര്‍, സി.കെ ആശ എം.എല്‍.എ എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ സമരസഹായസമിതി ചെയര്‍മാന്‍ പുഷ്‌ക്കരന്‍, സമരസമിതി കണ്‍വീനര്‍ പി.കെ വേണു, കോണ്‍ഗ്രസ് (എസ്) സംസ്ഥാനജനറല്‍സെക്രട്ടറി പി.ജി ഗോപി എന്നിവര്‍ പങ്കെടുത്തു.
















