പത്തനംതിട്ട:: ശബരീശന് പൂജാപുഷ്പങ്ങളൊരുക്കി ശബരിനന്ദനം. അരളിയും ചെത്തിയും ശംഖുപുഷ്പവും പൂവിട്ടു നില്‍ക്കുന്ന സന്നിധാനത്തെ പൂന്തോട്ടത്തില്‍നിന്ന് നിത്യേന പൂജയ്‌ക്കുള്ള പുഷ്പങ്ങള്‍ സോപാനത്തിലെത്തും.
ദേവസ്വം മരാമത്ത് വിഭാഗമാണ് ശബരീശന്റെ മണ്ണില്‍ ശബരിനന്ദനമെന്ന പൂന്തോട്ടമൊരുക്കിയിരിക്കുന്നത്. അരളി, വിവിധ നിറങ്ങളിലും ഇനങ്ങളിലുമുള്ള ചെത്തി, മുല്ല, ശംഖുപുഷ്പം, റോസ്, ചെമ്പരത്തി, നന്ത്യാര്‍വട്ടം, ജമന്തി, കോളാമ്പി, തെച്ചി ചെടികളെല്ലാം പൂവിട്ടു നില്‍ക്കുന്നു. തുളസിച്ചെടികളുമുണ്ട്. ശബരീശന് ഇഷ്ടമുള്ള ശംഖുപുഷ്പമടക്കമുള്ള പൂവുകള്‍ നിത്യേന പൂജയ്‌ക്കായി ഇവിടെനിന്ന് കൊണ്ടുപോകുന്നു.
പൂന്തോട്ടത്തെ പരിപാവനമായി കാത്തുസൂക്ഷിക്കുന്നു. മുണ്ടക്കയത്ത് ദേവസ്വം കഴകം ജീവനക്കാരനായ നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശിയായ കെ. ശശിയാണ് പൂന്തോട്ടത്തിന്റെ സര്‍വസ്വവും. താത്കാലികമായാണ് ശശി ഇവിടെ ജോലി ചെയ്യുന്നത്. ചെടികളെ മക്കളെപ്പോലെയാണ് പരിപാലിക്കുന്നതെന്ന് ശശി പറയുന്നു. രണ്ടുനേരവും നനയ്‌ക്കും. ചാണകമാണ് വളം. രാസവളങ്ങള്‍ ഉപയോഗിക്കാറില്ല. കാട്ടുപന്നിയുടെ ശല്യമുണ്ട്. പന്നി കയറി ആദ്യമൊക്കെ ചെടികള്‍ നശിപ്പിച്ചു. പിന്നീട് കമ്പിവലകള്‍ രണ്ടു തട്ടായി ഇട്ട് ശബരിനന്ദനത്തെ സംരക്ഷിക്കുന്നു.
പൂന്തോട്ടത്തിന്റെ വലുപ്പം അല്പം കൂടി വര്‍ധിപ്പിച്ച് കൂടുതല്‍ ചെടികള്‍ നടാനും കരുത്തുള്ള വേലി നിര്‍മിച്ച് സംരക്ഷിക്കാനുമുള്ള ഒരുക്കത്തിലാണ് മരാമത്ത് വിഭാഗം. ശബരിനന്ദനത്തിനിത് പൂക്കാലമാണ്. വര്‍ണക്കാഴ്ചകളൊരുക്കുന്നതിനൊപ്പം ശബരീശന്റെ പൂജാപുഷ്പവുമാകുന്നു.
















