വാഷിങ്ടണ്‍: ആണവവിതരണ സംഘത്തിലേക്ക് പുതിയ അംഗങ്ങളെ സ്വീകരിക്കാനുള്ള നിര്‍ദ്ദിഷ്ട കരട് ഇന്ത്യയുടെ അംഗത്വത്തിനും വഴി തുറക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആയുധ നിയന്ത്രണ സംഘടനയാണിത്. അതേസമയം പാക്കിസ്ഥാന് അംഗത്വം നഷ്ടമാകുമെന്നും സൂചനയുണ്ട്.
ആണവ നിര്‍വ്യാപന കരാറില്‍ പെടാത്ത രാജ്യങ്ങളായ ഇന്ത്യയ്‌ക്കും പാക്കിസ്ഥാനും എങ്ങനെ അംഗമാകാം എന്ന് വിവരിക്കുന്ന രണ്ട് പേജ് വരുന്ന ഒരു റിപ്പോര്‍ട്ട് മുന്‍ എന്‍എസ്ജി ചെയര്‍മാന്‍ റാഫേല്‍ മരിയാനോ ഗ്രോസി തയാറാക്കിയതായി കഴിഞ്ഞാഴ്ച അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ ചെയര്‍മാന്‍ ദക്ഷിണ കൊറിയയില്‍ നിന്നുളള സോങ് യോങ് വാന് വേണ്ടിയാണ് ഇത് തയാറാക്കിയത്.
ഒരു എന്‍പിടി അംഗത്തിന് മറ്റൊരു എന്‍പിടി അംഗത്തിന് സംഘത്തിലേക്ക് പ്രവേശനം നല്‍കുന്നതിനെ എതിര്‍ക്കാനോ പിന്തുണയ്‌ക്കാനോ അധികാരമില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗ്രോസി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ തളളാന്‍ ഇപ്പോഴും പാക്കിസ്ഥാന് പഴുതുകളുണ്ടെന്ന് ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ മേധാവി ദാരില്‍ കിംബാല്‍ പറയുന്നു. ഇന്ത്യയ്‌ക്ക് അംഗത്വം കൊടുക്കുന്ന അതേ മാനദണ്ഡത്തില്‍ തങ്ങള്‍ക്കും അംഗത്വമാകാമെന്ന് പാക്കിസ്ഥാന് വാദിക്കാം.
ഇക്കൊല്ലം ആദ്യമാണ് ഇന്ത്യ ആണവവിതരണ സംഘത്തില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയത്. തൊട്ടുപിന്നാലെ പാക്കിസ്ഥാനും അപേക്ഷിച്ചു. അമേരിക്കയടക്കമുളള പല പാശ്ചാത്യരാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു. ചൈനയടക്കമുളള ചില രാജ്യങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. എല്ലാവരുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ അംഗത്വം നേടാനാകൂ.
















