ബെല്‍ഗ്രേഡ്: ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് അന ഇവാനോവിച്ച് ലോക ടെന്നീസില്‍ നിന്നും വിരമിച്ചു. ഫേസ്ബുക്കിലൂടെയാണ് വിരമിക്കല്‍ വാര്‍ത്ത താരം പുറത്ത് വിട്ടത്. 29 ആം വയസ്സിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ അന ഇവാനോവിച്ച് കളിക്കളത്തോട് വിട പറയുന്നത്. ദീര്‍ഘകാലമായി പിന്തുടരുന്ന പരിക്കിനെ തുടര്‍ന്നാണ് വിരമിക്കലെന്ന് താരം വ്യക്തമാക്കി.
സെര്‍ബിയയുടെ താരമായ അന, 2008 ഫ്രഞ്ച് ഓപ്പണ്‍ ജേതാവാണ്. ഈ നേട്ടത്തിനു പിന്നാലെ അന ലോക ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നിരുന്നു. പിന്നീട് റാങ്കിംഗില്‍ അന പിന്നോക്കം പോയി. എന്നാല്‍ 2014ല്‍ ആദ്യ അഞ്ചിലേക്ക് അന തിരിച്ചുവന്നു.
തൊട്ടടുത്ത വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ എത്താനും കഴിഞ്ഞു. നിലവില്‍ 63-ാം റാങ്കിലാണ് അന. ജര്‍മന്‍ ഫുട്ബോള്‍ താരം ബാസ്റ്റിന്‍ ഷെയ്ന്‍സ്റ്റൈഗറുമായി അനയുടെ വിവാഹം ഈ വര്‍ഷം നടത്തിയിരുന്നു.
ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യത്തെ സെര്‍ബിയന്‍ വനിതാ ടെന്നീസ് താരം എന്ന റെക്കോര്‍ഡ് അനയ്‌ക്കായിരുന്നു. 2008-ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടനേട്ടമാണ് അനയ്‌ക്ക് ഈ ഖ്യാതി നേടിക്കൊടുത്തത്. റഷ്യയുടെ ദിനാറ സഫിനയെ തോല്‍പിച്ചായിരുന്നു അനയുടെ നേട്ടം.
ശാരീരികക്ഷമതയാണ് ഏതൊരു കായികതാരത്തിന്റെയും അത്യാവശ്യം. എന്നാല്‍ താന്‍ ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണെന്നു തനിക്കു നന്നായി അറിയാം. അതു കൊണ്ടാണ് തീരുമാനമെന്നും അന ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
















