ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ ജയം ന്യൂസിലന്‍ഡിന്. ബോക്‌സിങ് ഡേയില്‍ 77 റണ്‍സിന് കിവികളുടെ ജയം. സ്‌കോര്‍: ന്യൂസിലന്‍ഡ് – 341/7 (50), ബംഗ്ലാദേശ് – 264 (44.5).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവികളെ ഓപ്പണര്‍ ടോം ലാഥവും കോളിന്‍ മണ്‍റോയുമാണ് മികച്ച സ്‌കോറിലെത്തിച്ചത്. 121 പന്തില്‍ ഏഴു ഫോറും നാലു സിക്‌സറും സഹിതം 137 റണ്‍സെടുത്തു ലാഥം. 61 പന്തില്‍ എട്ടു ഫോറും നാലു സിക്‌സറും സഹിതം 87 റണ്‍സെടുത്തു മണ്‍ റോ. നായകന്‍ കെയ്ന്‍ വില്യംസണ്‍ (31), നീല്‍ ബ്രൂം (22) എന്നിവരും പിന്തുണ നല്‍കി. ഷാകിബ് അല്‍ ഹസന്‍ മൂന്നും, മുസ്തഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.
മികച്ച സ്‌കോറുകളുണ്ടാകാത്തത് ബംഗ്ലാദേശിന് തിരിച്ചടിയായി. 59 റണ്‍സെടുത്ത ഷാകിബ് അല്‍ ഹസന്‍ ടോപ് സ്‌കോറര്‍. മുസദെക്ക് ഹുസൈന്‍ (50 നോട്ടൗട്ട്), മുഷ്ഫിഖര്‍ റഹിം (42), തമീം ഇഖ്ബാല്‍ (38) എന്നിവര്‍ പൊരുതി. 26 എക്‌സ്ട്രാ റണ്ണുകളും ബംഗ്ലാദേശിന്റെ തോല്‍വി ഭാരം കുറച്ചു. പരിക്കു മലൂം മുഷ്ഫിഖര്‍ റഹിം റിട്ടയേഡ് ഹര്‍ട്ടായി.
മൂന്നു വീതം വിക്കറ്റെടുത്ത ജയിംസ് നീഷവും ലോക്കി ഫെര്‍ഗൂസണുമാണ് ആതിഥേയരുടെ ജയം അനായാസമാക്കിയത്. ടിം സൗത്തി രണ്ടും, മിച്ചല്‍ സാന്റ്‌നര്‍ ഒന്നും വിക്കറ്റെടുത്തു. ടോം ലാഥമാണ് കളിയിലെ താരം. രണ്ടാം മത്സരം വ്യാഴാഴ്ച നെല്‍സണില്‍.
















