പൂച്ചാക്കല്‍: ഓരുമുട്ടുകള്‍ സ്ഥാപിക്കാത്തതില്‍ വ്യാപക പ്രതിഷേധം. പളളിപ്പുറം, തൈക്കാട്ടുശേരി, പാണാവളളി, അരൂക്കുറ്റി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കാത്തതിലാണ് വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നത്. വേമ്പനാട്ടു കായലിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളായതിനാല്‍ ഉപ്പുവെളളം കയറാന്‍ എളുപ്പവുമാണ്. ഇപ്പോള്‍ വേലിയേറ്റം ശക്തമായതോടെ പുലര്‍ച്ചെതന്നെ വേലിയേറ്റം തുടങ്ങും.
സാധാരണ ഡിസംബര്‍ മാസത്തില്‍ ആദ്യവാരം തന്നെ ഓരുമുട്ടുകള്‍ സ്ഥാപിച്ചു തുടങ്ങുന്നതാണ്. എന്നാല്‍ പഞ്ചായത്തുകളിലെ പലസ്ഥലങ്ങളിലും ഇനിയും ഓരുമുട്ടുകള്‍ സ്ഥാപിച്ചിട്ടില്ല. ഇതു മൂലം പലരുടെയും കൃഷിയിടങ്ങളില്‍ ഉപ്പുവെളളം കയറി കൃഷിയിടങ്ങള്‍ നശിച്ചു തുടങ്ങി.കൂടാതെ വീട്ടുമുറ്റത്തും കുടിവെളള സ്രോതസുകളിലും ഉപ്പുവെളളം കയറിയതിനാല്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
ഇതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം തൈക്കാട്ടുശേരി പഞ്ചായത്ത് പടിക്കല്‍ പഞ്ചായത്തംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഓരുമുട്ടുകള്‍ ഉടന്‍ സ്ഥാപിച്ചില്ലങ്കില്‍ മറ്റുസമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചു
















