മുഹമ്മ: പ്‌ളാസ്റ്റിക് കിറ്റുകള്‍ ഉപേക്ഷിച്ച് തുണി സഞ്ചി ഉപയോഗിക്കൂ എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ ക്രിസ്മസ് പാപ്പയുടെ തൊപ്പിയണിഞ്ഞ് നടത്തിയ ബോധവല്‍ക്കരണ സന്ദേശ യാത്ര ശ്രദ്ധേയമായി. മുഹമ്മ എബി വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ നേതൃത്വത്തില്‍ കുട്ടിപ്പോലീസുകാരാണ് തുണി സഞ്ചികളും പ്‌ളക്കാര്‍ഡുകളുമേന്തി ബാന്‍ഡുമേള അകമ്പടിയോടെ സന്ദേശ യാത്ര നടത്തിയത്.
പഴയ തുണികള്‍ ശേഖരിച്ച് തുണി സഞ്ചി തയ്ച്ചുനല്‍കുന്ന പദ്ധതി മുഹമ്മ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം എ ബി വിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജനുവരി ആദ്യവാരം വീടുകളില്‍ നിന്നും പഴയ തുണികള്‍ ശേഖരിക്കും. ഇതിന്റെ പ്രചാരണാര്‍ത്ഥമാണ് എസ്പിഎസ് കേഡറ്റുകള്‍ യാത്ര നടത്തിയത്.
















