കൊച്ചി: മഹാരാജാസ് കോളേജിന്റെ ചുവരില്‍ അശ്ലീലവും മതസ്പര്‍ദ്ധവളര്‍ത്തുന്ന വരികളും എഴുതിയെന്ന കേസില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കാന്‍ ധാരണയായി. എന്നാല്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ അഞ്ചുകുട്ടികളുടെ കേസുകള്‍ പിന്‍വലിക്കില്ല.
ഇന്നലെ പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുമായി വിദ്യാര്‍ത്ഥി സംഘടനകളും ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞ 19 നാണ് കോളേജ് വിദ്യാര്‍ത്ഥികളായ അമല്‍ പി.എസ്, ഉണ്ണി ഉല്ലാസ് എന്നിവര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയത്. രാത്രി കോളേജില്‍ കയറി അശ്ലീലം എഴുതുകയും പൊതുമുതലായ കോളേജ് ഭിത്തിക്ക് 50,000 രൂപയുടെ നാശനഷ്ടമുണ്ടാകുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. എന്നാല്‍ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയാണ് ഭിത്തിയില്‍ എഴുതിയതെന്നാണ് ഇവരുടെ വിശദീകരണം.
പ്രിന്‍സിപ്പലുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി അശ്ലീലമുള്ള ചുവരെഴുത്തുകള്‍ വിദ്യാര്‍ത്ഥികള്‍ മായ്ച്ചുകളയും. ചുവരെഴുതിയതിന്റെ പേരില്‍ കഴിഞ്ഞദിവസം അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഇന്നലെ മഹാരാജസ് കോളേജില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞമാസം 23ന്് സമാനമായ കുറ്റം ചെയ്ത ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരില്‍ അഞ്ചുപേരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇവര്‍ രാവിലെ മുതല്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയായിരുന്നു.
ഇംഗ്ലീഷ് വിഭാഗത്തിന്റെ സെമിനാറില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രിന്‍സിപ്പലിനെ ക്ലാസ് റൂമില്‍ തടഞ്ഞു വയ്‌ക്കുകയായിരുന്നു. ക്ലാസ് റൂമിന്റെ വാതിലുകള്‍ പൂട്ടിയ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലുമായി രൂക്ഷമായ വാഗ്വാദങ്ങളാണുണ്ടായത്. തുടര്‍ന്ന് നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നും പോലീസും മറ്റ് അദ്ധ്യാപകരും ക്ലാസ്മുറിയില്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും ഇരുവിഭാഗവും വഴങ്ങിയില്ല. പിന്നീട് സമരം ശക്തമായതോടെപ്രിന്‍സിപ്പല്‍ ചര്‍ച്ചക്ക് തയ്യാറാകുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ ചേംബറിലാണ് ചര്‍ച്ച നടന്നത്.
















