കളമശേരി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള മെട്രോകോച്ചുകള്‍ എന്ന ബഹുമതി നേടാനൊരുങ്ങി കൊച്ചി മെട്രോ. ഇതിന്റെ ഭാഗമായി മുട്ടം യാര്‍ഡില്‍ ഓട്ടോമേറ്റഡ് വാഷിംഗ് പ്ലാന്റ് സ്ഥാപിച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ മെട്രോ കോച്ചുകള്‍ വൃത്തിയാക്കുന്ന രീതിയാണിത്.
ദല്‍ഹി മെട്രോയിലും ഈ രീതി ഉണ്ടെങ്കിലും ഓരോ കോച്ചുകളുടേയും വശങ്ങളില്‍ മാത്രമേ വൃത്തിയാക്കാനാകൂ. എന്നാല്‍ മുട്ടം യാര്‍ഡില്‍ സ്ഥാപിച്ച സംവിധാനത്തില്‍ വശങ്ങള്‍ കൂടാതെ മുകള്‍ വശവും താഴെ വശവും വൃത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. മനുഷ്യ പ്രയത്‌നം വഴി മൂന്ന് മണിക്കൂര്‍ വേണ്ടി വരുന്നിടത്താണ് അഞ്ച് മിനിറ്റിനുള്ളില്‍ വ്യത്തിയാക്കല്‍ കഴിയുന്നത്.
പാളത്തിലൂടെ മെട്രോ കോച്ച് മൂന്ന് മുതല്‍ അഞ്ച് മണിക്കൂര്‍ വേഗത്തില്‍ കടത്തിവിട്ടാണ് വൃത്തിയാക്കുന്നത്. 1500 ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് വൃത്തിയാക്കല്‍. ഉപയോഗിച്ച പകുതിയോളം ജലം പുനരുപയോഗം ചെയ്യാനും സാങ്കേതിക വിദ്യയും തയ്യാറായിട്ടുണ്ട്.
നിലവില്‍ 15 ദിവസം കൂടുമ്പോള്‍ കോച്ചിന്റെ അകം വൃത്തിയാക്കും. പ്രത്യേക കെട്ടിടത്തിനുള്ളിലേക്ക് കോച്ചിനെ കൊണ്ടുവന്നാണ് അകം വൃത്തിയാക്കല്‍ നടക്കുക. നിലം എല്ലാ ദിവസവും വൃത്തിയാക്കും.
















