കൊച്ചി: നെല്ലിക്കുഴിയിലും സമീപപഞ്ചായത്തുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മഞ്ഞപ്പിത്തരോഗബാധയുടെ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് അഡിഷണല്‍ ഡയറക്ടര്‍ ഡോ. റീനയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതലസംഘം ജില്ലയില്‍ എത്തി. നെല്ലിക്കുഴി പഞ്ചായത്തിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തു.
സ്റ്റേറ്റ് ഒ ആര്.ടി ഓഫീസര്‍ ഡോ. മഞ്ജുള, സ്റ്റേറ്റ് എന്‍ഡമോളജിസ്റ്റ് ഫാറൂഖ്, സ്റ്റേറ്റ് സര്‍വെയ്ലന്‍സ് യൂണിറ്റ് അംഗം ഹരീഷ് കുമാര്‍ എന്നിവര്‍ സംസ്ഥാനതല സംഘത്തിലുണ്ട്. നെല്ലിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തങ്ങള്‍ വിലയിരുത്തി. ഫീല്‍ഡ് തലത്തിലുള്ള നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും, പകര്‍ച്ചവ്യാധി കൂടുതല്‍ മേഖലകളിലേക്ക് പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളില്‍ പരിശോധന നടത്തുവാനും, ക്ലോറിനേഷന് ഉറപ്പു വരുത്താനും നിര്‍ദേശിച്ചു. ഹോട്ടലുകളിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെല്ലിക്കുഴിയില്‍ ജില്ലാതല പരിശോധന സംഘം നാലു ഇതരസംസ്ഥാന ക്യാമ്പുകള്‍ സന്ദര്‍ശിച്ച്, 140 പേരെ പരിശോധിച്ചു. 1284 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ടീം സന്ദര്‍ശിക്കുകയും ബോധവത്കരണ സന്ദേശം നല്‍കുകയും, രോഗബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിനായി, മറ്റു സ്ഥലങ്ങളില്‍ നിന്നും 38 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നെല്ലികുഴിയില്‍ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ 824 കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തി ശുചീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: