കൊച്ചി: ട്രിപ്പിള്‍ സെഞ്ചുറിയുമായി ആദ്യ ശതകം അവിസ്മരണീയമാക്കിയ കരുണ്‍ നായര്‍ ഇതിന് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് വലിയൊരു ദുരന്തത്തില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട സംഭവത്തില്‍.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കരുണ്‍ നായര്‍ മരണം മുന്നില്‍ക്കണ്ടത്. ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാനാണ് അന്ന് കരുണും സുഹൃത്തുക്കളും കേരളത്തിലെത്തിയത്. എന്നാല്‍ ഇവര്‍ കയറിയ പള്ളിയോടം പമ്പ നദിയില്‍ മറിഞ്ഞെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നീന്താനറിയാത്ത കരുണിനെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി കരയിലെത്തിച്ചു. ഇന്നലെ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ശേഷം രവി ശാസ്ത്രിയുമായി സംസാരിക്കുമ്പോള്‍ കരുണ്‍ തന്നെ ഇത് വ്യക്തമാക്കുകയും ചെയ്തു.
തനിക്കൊരു രണ്ടാം ജന്മം സമ്മാനിച്ചത് നാട്ടുകാരാണെന്നും മരണത്തിന്റെ മുന്നില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നുമായിരുന്നു കരുണിന്റെ പ്രതികരണം. ശാസ്ത്രി പറഞ്ഞ പോലെ ചരിത്രനായകനാകാന്‍ കാലം കരുണിനെ കാത്തുരക്ഷിക്കുകയായിരുന്നു. സഞ്ജു വി സാംസണിനൊപ്പം സിംബാബ്‌വേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കരുണ്‍ നാട്ടില്‍ തിരിച്ചെത്തി അധികം വൈകാതെയായിരുന്നു ആ അപകടം.
ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് കരുണ്‍ പലപ്പോഴും ഇന്ത്യന്‍ ടീമിലെത്തിയത്. മുന്‍നിര താരങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോഴായിരുന്നു കരുണിനെ ടീമിലെടുത്തിരുന്നത്. ഒപ്പം ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളും ടീമിലേക്കുള്ള പ്രവേശം എളുപ്പമാക്കി.
ഇന്ത്യന്‍ കുപ്പായമണിഞ്ഞ ആദ്യ രണ്ട് ടെസ്റ്റുകളിലും കാര്യമായൊന്നും ചെയ്യാന്‍ കരുണിന് കഴിഞ്ഞില്ല. 2013-14ലെ രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തെ വിജയികളാക്കുന്നതില്‍ കരുണ്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സെഞ്ചുറി നേടിയ കരുണ്‍ തന്റെ പ്രതിഭ വിളിച്ചറിയിച്ചു. ആ സീസണില്‍ കര്‍ണ്ണാടകയെ രഞ്ജി ചാമ്പ്യന്മാരാക്കുകയും ചെയ്തു. രഞ്ജിയിലെ പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യ എ ടീമിലും കരുണ്‍ ഇടം കണ്ടെത്തി. രാഹുല്‍ ദ്രാവിഡിനു കീഴിലുള്ള ആ കാലം കരുണിലെ ബാറ്റ്‌സ്മാനെ തേച്ചുമിനുക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല.
2015ലെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് കരുണ്‍ ആദ്യമായി ടീമിലെത്തിയത്, മുരളി വിജയിന് പരിക്കേറ്റതിനെ തുടര്‍ന്ന്. എന്നാല്‍ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പ് തുടര്‍ന്നു. പിന്നീട് ന്യൂസിലാന്‍ഡിനെതിരെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിലേക്കുള്ള ടീമിലും കരുണിന് വിളിവന്നു. അന്ന് ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു അത്. പക്ഷേ, അന്നും ഗ്രൗണ്ടിലിറങ്ങാന്‍ കരുണിന് അവസരം ലഭിച്ചില്ല. അവസാനം കാത്തിരിപ്പിന് അവസാനമായത് ഇംഗ്ലണ്ടിനെതിരായ മൊഹാലി ടെസ്റ്റില്‍. രോഹിത് ശര്‍മ്മ പേശിവലിവ് മൂലം വിട്ടുനിന്നതോടെയാണ് കരുണിന് അവസരം ലഭിച്ചത്. എന്നാല്‍ നാല് റണ്‍സിന് പുറത്താകാനായിരുന്നു കരുണിന്റെ വിധി.
ഇംഗ്ലണ്ടിനെതിരെ മുംബൈയില്‍ നടന്ന നാലാം ടെസ്റ്റിലും കളിച്ചെങ്കിലും മികച്ച ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. പരിക്കേറ്റ അജിന്‍ക്യ രഹാനെക്ക് പകരക്കാരനായിട്ടായിരുന്നു അന്ന് കളത്തിലെത്തിയത്. എന്നാല്‍ തുടക്കക്കാരന്റെ ആശയക്കുഴപ്പം വിട്ടുമാറാതെ കളിച്ച കരുണിന്റെ ഇന്നിങ്സ് 13 റണ്‍സിന് അവസാനിച്ചു. മോയിന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
ഒടുവില്‍ കരുണിന്റെ ഭാഗ്യം തെളിഞ്ഞത് ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിലെ പിച്ചില്‍. ഇവിടെ റെക്കോഡുകള്‍ ഒന്നായി കടപുഴക്കി കരുണ്‍ ഇന്ത്യയുടെയും ഒപ്പം മലയാളികളുടെയും അഭിമാനമായി മാറുകയും ചെയ്തു.
2016 ജൂണ്‍ 11ന് സിംബാബ്‌വേക്കെതിരെ ഹരാരെയില്‍ ഏകദിന അരങ്ങേറ്റം. രണ്ട് മത്സരങ്ങളില്‍ നിന്നും 46 റണ്‍സാണ് കരുണിന്റെ നേട്ടം. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
















