ന്യൂദല്‍ഹി: രാജ്യത്ത് 209 മുതല്‍ 2015 വരെ പോലീസ് കസ്റ്റഡിയില്‍ 600 പേര്‍ മരിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്. പീഡനം നിയമവിരുദ്ധമാണ്. എന്നാല്‍ പലപ്പോഴും പോലീസുകാര്‍ തടവുകാര്‍ക്ക് മേല്‍ മൂന്നാംമുറ പ്രയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2015ല്‍ 97 പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഇതില്‍ 67 പേര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും മുമ്പ് തന്നെ മരിച്ചു. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഒന്നുകില്‍ പോലീസുകാര്‍ ഇതില്‍ വീഴ്ച വരുത്തി. അല്ലെങ്കില്‍ അറസ്റ്റിലായ ഉടന്‍ തന്നെ ഇവര്‍ മരിച്ചു.
അറസ്റ്റിനെക്കുറിച്ച് കുടുംബാംഗങ്ങളെ വിവരമറിയിക്കുക, അറസ്റ്റ് ചെയ്തവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തിരിക്കണം. എത്രയും പെട്ടെന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും വേണം.
പീഡനം നടത്തുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടികള്‍ കൈക്കൊളളണമെന്നും നിര്‍ദേശമുണ്ട്. ചിലരെയെങ്കിലും ശിക്ഷിച്ചെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യുന്നവരെ തല്ലരുതെന്ന കാര്യം പോലീസുകാര്‍ പഠിക്കൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.
















