ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി. 381 പന്തില്‍ 303 റണ്‍സ് നേടിയാണ് കരുണ്‍ തന്റെ ചരിത്ര നേട്ടം കുറിച്ചത്. ഇന്ത്യന്‍ കളിക്കാരില്‍ വിരേന്ദര്‍ സേവാഗിനു പിന്നാലെ ട്രിപ്പിള്‍ തികയ്‌ക്കുന്ന താരം കൂടിയായി കരുണ്‍ നായര്‍.
ആദില്‍ റഷീദിനെ കവറിലൂടെ ബൗണ്ടറി പായിച്ചാണു കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി എന്ന നേട്ടത്തില്‍ എത്തിയത്. 32 ബൗണ്ടറിയും നാലു സിക്സും കരുണിന്റെ ബാറ്റില്‍ നിന്നു പിറന്നു. മൂന്നാം ടെസ്റ്റു കളിക്കുന്ന കരുണിന്റെ ആദ്യ സെഞ്ച്വറി നേട്ടം കൂടിയാണിത്. ആദ്യ ടെസ്റ്റ് സെഞ്ച്വറി ട്രിപ്പിളില്‍ എത്തിക്കുന്ന ലോകത്തെ തന്നെ മൂന്നാമത്തെ കളിക്കാരനെന്ന റെക്കോര്‍ഡും കരുണിനു സ്വന്തമായി.
ജന്മം കൊണ്ടു മലയാളിയാണെങ്കിലും കരുണ്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തിന്റെ താരമാണ്. ഇന്ത്യ എ, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കു വേണ്ടിയും മികച്ച പ്രകടനം നടത്തിയിട്ടുള്ള കരുണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കും വിധമുള്ള പ്രകടനമാണു ചെന്നൈ ടെസ്റ്റില്‍ നടത്തിയത്.
കരുണിന്റെ സ്വപ്ന തുല്യമായ നേട്ടത്തിന്റെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കി.
















