കാണ്‍പൂര്‍: നോട്ട് അസാധുവാക്കലിനെ പഴിക്കുന്നവര്‍ അഴിമതിക്കും കള്ളപ്പണത്തെയും പിന്തുണയ്‌ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയത് കള്ളന്മാര്‍ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കാണ്‍പൂരില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ കള്ളപ്പണത്തെ തടയാന്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷം കള്ളപ്പണത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കറന്‍സി രഹിത ഡിജിറ്റല്‍ ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യുപിഎ ഭരണകാലത്ത് നടന്ന അഴിമതിയെ കുറിച്ചും, കള്ളപ്പണത്തെ കുറിച്ചും വിശദീകരിക്കാന്‍ ഇന്നത്തെ പ്രതിപക്ഷം ഏറെ ബുദ്ധിമുട്ടുകയാണ്. അതിനാലാണ് സ്പീക്കര്‍ക്ക് നേരെ അവര്‍ കടലാസ് എറിയുന്നതെന്നും കള്ളപ്പണത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
താന്‍ ആദ്യം മുതല്‍ക്കെ സൂചിപ്പിച്ചത് പോലെ 50 ദിവസം ജനങ്ങള്‍ അല്‍പം ബുദ്ധിമുട്ടേണ്ടി വരും. തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ഇപ്പോഴത്തെ കഷ്ടപാടുകള്‍ രാജ്യത്തിന്റെ ശോഭന ഭാവിക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നവരാണ്. യുപിയില്‍ മാറ്റത്തിന്റെ കാറ്റല്ല, കൊടുങ്കാറ്റാണ് ഉണ്ടാകാന്‍ പോകുന്നത്. ഉത്തര്‍പ്രദേശിലെ യുവജനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക തൊഴില്‍ പദ്ധതികള്‍ തയാറാക്കും. കേന്ദ്രത്തില്‍ ഒറ്റയ്‌ക്ക് ഭരിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷം തന്നത് യുപിയിലെ ജനങ്ങളാണ്. സമൂഹത്തിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
















