കുട്ടനാട്: കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ പാചകവാതക വിതരണത്തില്‍ അപാകതകള്‍ ഏറെയെന്ന് ആക്ഷേപം. വിതരണത്തിലെ കൃത്യതയില്ലായ്‌മ, അമിതവില ഈടാക്കല്‍ എന്നിവയിലൂടെയാണ് വിതരണ ഏജന്‍സികള്‍ ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നത്.
കുട്ടനാടിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് പാചകവാതക വിതരണം താറുമാറാകുന്നത്. ഒരേ കമ്പനിയുടെ സിലിണ്ടറുകള്‍ക്കു വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായാണ് പ്രധാന പരാതി. സിലിണ്ടറുകളുടെ വിലയോടൊപ്പം വാങ്ങുന്ന വാഹന കൂലിയിനത്തിലാണ് ഏജന്‍സികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്.
കാവാലം, നീലംപേരൂര്‍, വെളിയനാട് പ്രദേശങ്ങളിലാണ് പ്രധാനമായും അധികചാര്‍ജ് ഈടാക്കുന്നത്. ചങ്ങനാശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണ് ഏറ്റവുമധികം പണം ഈടാക്കുന്നത്. പാചകവാതകത്തിന്റെ വിലയ്‌ക്കൊപ്പം ജീവനക്കാര്‍ തങ്ങള്‍ക്കു തോന്നുന്ന നിരക്കാണ് സര്‍വീസ് ചാര്‍ജിനത്തില്‍ വാങ്ങുന്നത്.
ചങ്ങനാശേരിയില്‍നിന്നുള്ള ഭാരത് പെട്രോളിയത്തിന്റെ ഏജന്‍സികള്‍ തന്നെ കാവാലം പ്രദേശത്തുനിന്നും ഒരേദിവസംതന്നെ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചത്തെ നിരക്കുപ്രകാരം സിലിണ്ടറൊന്നിനു 604 രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാഹനക്കൂലിയടക്കം കാവാലത്ത് വ്യത്യസ്ത ചാര്‍ജുകളാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വന്നത്.
ഒരു ഏജന്‍സി 670 രൂപ വാങ്ങിയപ്പോള്‍ മറ്റൊരു ഏജന്‍സി 660 രൂപയാണ് ഈടാക്കിയത്. എന്നാല്‍ കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഏജന്‍സിയുടെ കറുകച്ചാലിലുള്ള ഗോഡൗണില്‍ നിന്നു കൊണ്ടുവരുന്ന എച്ച്പി കമ്പനിയുടെ സിലിണ്ടറിനു 640 രൂപ മാത്രമാണ് ഈടാക്കുന്നത്.
താരതമ്യേന ദൂരക്കുറവുള്ള ചങ്ങനാശേരിയിലെ ഗോഡൗണുകളില്‍ നിന്നെത്തുന്ന സിലിണ്ടറുകള്‍ക്കാണ് അമിതവില ഈടാക്കപ്പെടുന്നത്. പാചകവാതക വിതരണക്കാര്‍ തങ്ങള്‍ക്കു ബില്‍ തരാറില്ലെന്നും ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.
















