ചെങ്ങന്നൂര്‍: പാരമ്പര്യ പൈത്യക കലകളുടെ ഉത്സവമാകണം കലോത്സവമെന്നും പല കലാകാരന്മാരും രംഗത്തു വന്നത് കലോത്സവത്തിലൂടെയാണെന്നും അഡ്വ.കെ.കെ. രാമചന്ദ്രന്‍നായര്‍ എംഎല്‍എ. ചെറിയനാട് ശ്രീ നീലകണ്ഠ വിദ്യാപീഠത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലോത്സവങ്ങളിലൂടെ കുട്ടികളുടെ കലാപാരമ്പര്യ രംഗത്തെ കഴിവ് വാര്‍ത്തെടുക്കാന്‍ സാധിക്കണം. കലോത്സവങ്ങള്‍ കുട്ടികളുടേതാകണം. പലപ്പോഴും രക്ഷിതാക്കളുടെ മത്സരമായി മാറുന്നു.
സമ്മാനം ലഭിക്കുന്നതിനേക്കാള്‍ കലോത്സവങ്ങളില്‍ ഭാരതീയ പൈതൃകത്തെയും കലകളെയും പരിപോഷിപ്പിക്കാന്‍ സാധിക്കണം. കേരളത്തിന്റെ തനതു കലകള്‍ ആസ്വദിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇതിന് മാറ്റമുണ്ടാകണം. ഭാരതീയ സാംസ്‌ക്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തുന്ന വിദ്യാനികേതന്‍ കലോത്സവങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
















